ടിക്കറ്റ് വിൽക്കാൻ ആളില്ല; പുനരാരംഭിക്കുന്നതിന് മുൻപ് വീണ്ടും അടച്ച് ചേമഞ്ചേരി ഹാൾട്ട് സ്റ്റേഷൻ


ചേമഞ്ചേരി: യാത്രക്കാരായി വീണ്ടും ദുരിതത്തിൽ ആക്കി ചേമഞ്ചേരി ഹാൾട്ട് റെയിൽവേ സ്റ്റേഷൻ നിർത്തലാക്കുന്നു. ടിക്കറ്റ് നല്കാൻ ഏജന്റുമാരില്ലാതായതോടെയാണ് ചേമഞ്ചേരിയിൽ റെയിൽവേ സ്റ്റേഷൻ നിർത്തലാക്കേണ്ടി വരുന്നത്. യാത്രക്കാരുടെ നിരന്തരമായ സമ്മര്‍ദ്ദം മൂലം ഈയടുത്താണ് ചേമഞ്ചേരി, വെള്ളക്കറക്കാട് സ്റ്റേഷനുകളില്‍ കോവിഡിന് ശേഷം വീണ്ടും തീവണ്ടി നിര്‍ത്താനുള്ള നടപടികള്‍ തുടങ്ങിയത്.എന്നാൽ ജൂലൈ നാലോടെ കണ്ണൂരില്‍ നിന്നും ഷൊര്‍ണ്ണൂരിലേക്ക് പോകുന്ന 06456 നമ്പര്‍ ട്രെയിന്‍ നിർത്തുമെന്ന് അറിയിച്ചതിനു പിന്നാലെയാണ് സ്റ്റേഷൻ നിർത്തലാക്കുന്നു എന്നുള്ള നടപടി ഇറങ്ങിയത്.

ചേമഞ്ചേരിയിലേക്ക് ഏജന്റുമാർക്കുവേണ്ടി ശ്രമം നടത്തിയിട്ടും കിട്ടിയില്ലെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, അത്തോളി, ഉള്ള്യേരി പഞ്ചായത്തുകളിലെ നിരവധി യാത്രക്കാര്‍ ആശ്രയിക്കുന്ന സ്റ്റേഷനാണിത്. സീസണ്‍ ടിക്കറ്റ് യാത്രക്കാര്‍ ഏറെയുണ്ടായിരുന്ന ഇടം. നേരത്തെ സ്റ്റോപ്പുണ്ടായിരുന്ന ട്രെയിനുകള്‍ക്കു കൂടി ഉടന്‍ സ്റ്റോപ്പ് അനുവദിക്കുമെന്ന പ്രതീക്ഷയിലായിരുന്നു യാത്രക്കാർ. അതിനിടയിലാണ് യാത്രക്കാരെ ദുരിതത്തിലാക്കി സ്റ്റേഷൻ നിർത്തലാക്കിയെന്നുള്ള വിവരം എത്തുന്നത്.

ടിക്കറ്റ് വിതരണത്തിന് ഏജന്റുമാരില്ലാതായതോടെ കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ അഞ്ച് ഹാൾട്ട് സ്റ്റേഷനുകളാണ് റെയിൽവേ താത്‌കാലികമായി നിർത്തലാക്കിയത്. കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരി, വെള്ളറക്കാട് കൂടാതെ ജില്ലയിൽ വെള്ളയിൽ സ്റ്റേഷനും മലപ്പുറം കുറ്റിപ്പുറത്തിനടുത്തുള്ള പേരശ്ശന്നൂർ, പാലക്കാട് ജില്ലയിലെ കൊടുമുണ്ട റെയിൽവേ സ്റ്റേഷനുകളുമാണ് നിർത്തലാക്കാൻ തീരുമാനിച്ചത്.

കോവിഡ് കാലത്ത് ട്രെയിനുകള്‍ നിലച്ചതോടെയാണ് ഹാള്‍ട്ട് ഏജന്റുമാര്‍ പിന്‍വാങ്ങിയത്. പാസഞ്ചർ തീവണ്ടികൾ നിർത്തലാക്കിയതോടെ കോവിഡ് കാലത്ത് ഹാൾട്ട് സ്റ്റേഷനുകൾ അടച്ചിട്ടിരിക്കുകയായിരുന്നു. പിന്നീട് പാസഞ്ചറടക്കം എല്ലാ ട്രെയിനുകളും എക്സ്പ്രസാക്കി റെയില്‍വേ സര്‍വീസ് പുനരാരംഭിച്ചെങ്കിലും ടിക്കറ്റ് നല്‍കാന്‍ ഏജന്റുമാരെത്തിയില്ല. കമീഷന്‍ അടിസ്ഥാനത്തിലാണ് ഇവരുടെ പ്രവര്‍ത്തനം. സമീപത്തെ സ്റ്റേഷനുകളില്‍നിന്നാണ് ടിക്കറ്റ് ഏജന്റുമാര്‍ എത്തിക്കുന്നത്.

പാസഞ്ചർ തീവണ്ടികൾക്ക് മാത്രം സ്റ്റോപ്പുള്ള ഇത്തരം സ്റ്റേഷനുകളിലെ ടിക്കറ്റ് വിതരണം ഏറ്റെടുത്ത് നടത്താൻ ഏജൻറ്റുമാർ തയ്യാറല്ല. വരുമാനം കുറവാണെന്നതാണ് പ്രധാന കാരണം. അതിനാൽ തന്നെ യാത്രക്കാർ കുറഞ്ഞയിടങ്ങളിൽ പ്രവർത്തിക്കാൻ ആരും തയ്യാറാവുന്നില്ല.

ഏജന്റുമാരെ കിട്ടുകയാണെങ്കിൽ ഹാൾട്ട് സ്റ്റേഷനുകളുടെ പ്രവർത്തനം പുനരാരംഭിക്കുമെന്നാണ് ഉത്തരവിൽ പറയുന്നത്. ഇതിൽ വെള്ളയിൽ, വെള്ളറക്കാട് റെയിൽവേസ്റ്റേഷനിൽ ടിക്കറ്റ് വിതരണത്തിന് ആളെ കിട്ടിയിട്ടുണ്ടെങ്കിലും നടപടികൾ പൂർത്തിയായിട്ടില്ല. ഈ രണ്ട് സ്റ്റേഷനുകൾ അധികം വൈകാതെ പുനഃരാരംഭിച്ചേക്കും എന്നാണ് പ്രതീക്ഷ.