‘കലാരൂപങ്ങള്‍ ജാതി, മത, ദേശ ചിന്തകൾക്കതീതമായി സ്വായത്തമാവുന്ന ഉത്തമമായ സ്നേഹ സന്ദേശം’; ശ്രദ്ധേയമായി ചേലിയ കഥകളി വിദ്യാലയത്തിലെ പ്രവേശനോത്സവം


കൊയിലാണ്ടി: ജാതി, മത, ദേശ ചിന്തകൾക്കതീതമായി നമുക്ക് സ്വായത്തമാവുന്ന ഉത്തമമായ സ്നേഹ സന്ദേശമാണ് എല്ലാ കലാ രൂപങ്ങളുമെന്ന് പ്രശസ്ത കവിയും എഴുത്തുകാരനും പ്രഭാഷകനുമായ രമേശ് കാവിൽ. ചേലിയ കഥകളി വിദ്യാലയത്തിൽ 2023 വർഷത്തിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.

കലാ രൂപങ്ങൾ നമ്മെ ചേർത്തു പിടിക്കുന്നു. കലാരൂപങ്ങള്‍ സമാർജ്ജിക്കുന്നതിനുള്ള ഹൃദ്യമായ വേദികളാണ് ഓരോ കലാസ്ഥാപനവും. ഇവിടങ്ങളിലേക്കുള്ള പ്രവേശനം വേറിട്ട ഒരു ജീവിത ക്രമത്തിലേക്കുള്ള പുതിയ കാൽ വെയ്‌പാണെന്നും അദ്ധേഹം പറഞ്ഞു.

കഥകളി വിദ്യാലയം പ്രസിഡന്റ്‌ ഡോ.എൻ.വി സദാനന്ദൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സന്തോഷ് സദ്ഗമയ, കലാമണ്ഡലം പ്രിൻസിപ്പാൾ പ്രേം കുമാർ, പി.ടി.എ വൈസ് പ്രസിഡന്റ്‌ രാജശ്രീ ആർ.എസ്, കലാനിലയം ഹരി, ബിൻ സിൻ സജിത് എന്നിവർ സംസാരിച്ചു. കലാമണ്ഡലം ശിവദാസ്, ദിൻഷ പി.എം, കലാമണ്ഡലം ദിയാ ദാസ്, ശ്രീജിത്ത്, ആർദ്ര പ്രേം, അജിത് മാരാർ എന്നിവർ പങ്കെടുത്തു.