മണ്ണിനെയും പ്രകൃതിയെയും അടുത്തറിയാന്‍ അവര്‍ ഒരുമിച്ചിറങ്ങി; ‘മുറ്റത്തൊരു കൃഷിത്തോട്ടം’ പദ്ധതിക്ക് പെരുവട്ടൂർ എൽപി സ്കൂളിൽ ഗംഭീര തുടക്കം 


പെരുവട്ടൂർ: കാർഷിക സംസ്കാരത്തെക്കുറിച്ച് പുത്തൻ തലമുറയെ ബോധവാൻമാരാക്കുക എന്ന ലക്ഷ്യത്തോടെ പെരുവട്ടൂർ എൽപി സ്‌ക്കൂളില്‍ ‘മുറ്റത്തൊരു കൃഷിത്തോട്ടം’ പദ്ധതിക്ക് തുടക്കം കുറിച്ചു. മുനിസിപ്പാലിറ്റിയുടെ ജൈവ വൈവിധ്യ ഉദ്യാന നിർമാണ പ്രവർത്തനത്തിന്റെ ഭാഗമാണ്‌ പദ്ധതി. മണ്ണിനെയും പ്രകൃതിയെയും അടുത്തറിഞ്ഞ്, കാർഷികവിളകൾ, അധ്വാനശീലം, സഹകരണ മനോഭാവം എന്നിവയെകുറിച്ച് കുട്ടികളിൽ അവബോധം വളർത്തിയെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍.

ഉച്ചഭക്ഷണ പദ്ധതിയിലേക്ക് വിഷരഹിത പച്ചക്കറികൾ ഉൾപ്പെടുത്തുക എന്നതും പദ്ധതിയുടെ പ്രധാന ലക്ഷ്യമാണ്‌. സ്‌ക്കൂളിലെ കാർഷിക ക്ലബിന്റെ നേതൃത്വത്തില്‍ വിദ്യാർത്ഥികളെ ഗ്രൂപ്പുകളായി തിരിച്ച് ഒരു കാർഷിക സേന രൂപീകരികരിച്ചാണ് പച്ചക്കറി കൃഷി ചെയ്യുന്നത്. തുടക്കത്തിൽ നൂറോളം ഗ്രോ ബാഗുകളിൽ പച്ചക്കറി കൃഷി നടപ്പിലാക്കാനാണ് തീരുമാനം.

പതിനാറാം വാർഡ് കൗൺസിലർ ജിഷ പുതിയേടത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. പതിമൂന്നാം വാർഡ് കൗൺസിലർ ചന്ദ്രിക.ടി, കാർഷിക ക്ലബ് കൺവീനർ സിറാജ് ഇയ്യഞ്ചേരി, എസ് ആർ ജി കൺവീനർ ഉഷശ്രീ കെ, പിടിഎ എക്സിക്യൂട്ടീവ് അംഗം സുഗതൻ, നൗഷാദ് ആർ.കെ, നിഷിദ, ബീൻസി, ഷിജിന എന്നിവർ ചടങ്ങിന് ആശംസയർപ്പിച്ചു സംസാരിച്ചു. ഹെഡ്മിസ്ട്രസ് ഇന്ദിരാ സി.കെ ചടങ്ങിന് സ്വാഗതം പറഞ്ഞു.