വീടുകയറിയുള്ള പ്രചാരണത്തിന്റെ തിരക്കില്‍ മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍; തെരഞ്ഞെടുപ്പ് ചൂടില്‍ ചെങ്ങോട്ടുകാവിലെ ചേലിയ ടൗണ്‍



ചെങ്ങോട്ടുകാവ്:
ഉപതെരഞ്ഞെടുപ്പ് ചൂടില്‍ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡായ ചേലിയ ടൗണ്‍. മൂന്ന് മുന്നണികളും സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചതിന് പിന്നാലെ ചേലിയയില്‍ പ്രചരണവും തുടങ്ങി. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസിന്റെ അബ്ദുല്‍ ഷുക്കൂര്‍, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി സി.പി.എമ്മിന്റെ അഡ്വ.പി.പ്രശാന്തും, എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി പ്രിയ ഒരുവമ്മലുമാണ് പ്രധാനമായും മത്സര രംഗത്തുള്ളത്.

നാമനിര്‍ദേശക പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ തന്നെ മൂന്ന് മുന്നണികളും പ്രചരണ രംഗത്ത് സജീവമായിട്ടുണ്ട്. കടുത്ത വേനല്‍ച്ചൂടിനിടയിലും വീടുകയറിയുള്ള പ്രചാരണത്തിലാണ് മൂന്ന് സ്ഥാനാര്‍ത്ഥികളും.

കൊയിലാണ്ടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയാണ് അബ്ദുല്‍ ഷുക്കൂര്‍. നേരത്തെ മേലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിന്റെ അനുഭവ സമ്പത്തില്ലെങ്കിലും വാര്‍ഡ് നിലനിര്‍ത്താന്‍ കഴിയുമെന്ന ശുഭ പ്രതീക്ഷയോടെയാണ് അദ്ദേഹം പ്രചരണത്തിനിറങ്ങുന്നത്.

ഇതേ വാര്‍ഡില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിന്റെ അനുഭവ സമ്പത്തോടെയാണ് എന്‍.ഡി.എയുടെ പ്രിയ ഒരുവമ്മല്‍ കളത്തിലിറങ്ങുന്നത്. 2015-20 കാലഘട്ടത്തില്‍ ചേലിയയില്‍ വാര്‍ഡ് മെമ്പര്‍ കൂടിയായിരുന്നു പ്രിയ. കൂടാതെ ആശാ വര്‍ക്കര്‍ എന്ന രീതിയില്‍ പ്രദേശവാസികളുമായി ഏറെ അടുപ്പവുമുണ്ട്. യു.ഡി.എഫില്‍ നിന്നും വാര്‍ഡ് തിരിച്ചുപിടിക്കാന്‍ ഇതെല്ലാം തന്നെ ഏറെ ഗുണം ചെയ്യുമെന്ന പ്രതീക്ഷയോടെയാണ് പ്രിയയുടെ പോരാട്ടം.

മുന്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കൂടിയായിരുന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. പി.പ്രശാന്ത് വാര്‍ഡില്‍ ഏറെ ആത്മവിശ്വാസത്തോടെയാണ് മത്സരത്തിനിറങ്ങുന്നത്. എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച അഡ്വ. പ്രശാന്ത് പിന്നീട് ഡി.വൈ.എഫ്.ഐയിലും പ്രവര്‍ത്തിച്ചിരുന്നു. അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനം രാജി വച്ചാണ് അദ്ദേഹം ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി എത്തുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയെങ്കിലും ശക്തമായ പ്രചാരണത്തിലൂടെ വാര്‍ഡ് പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ് ക്യാമ്പ്.

ഏഴാം വാര്‍ഡ് അംഗമായ കോണ്‍ഗ്രസിലെ കെ.ടി.മജീദിന്റെ മരണത്തെ തുടര്‍ന്നാണ് വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ജനുവരി 28 നാണ് മജീദ് മരിച്ചത്. മെയ് 30 നാണ് ഉപതിരഞ്ഞെടുപ്പ്. 31 നാണ് വോട്ടെണ്ണല്‍. പത്രിക സമര്‍പ്പിക്കല്‍ മെയ് 11ന് അവസാനിച്ചിരുന്നു. മെയ് 12ന് സൂക്ഷ്മ പരിശോധനയും കഴിഞ്ഞതാണ്. ഇന്നത്തോടെ പത്രിക പിന്‍വലിക്കാനുളള അവസാന തിയ്യതിയും കഴിയും.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ 72 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മജീദ് വിജയിച്ചത്. കോണ്‍ഗ്രസിന് 570 വോട്ട് ലഭിച്ചപ്പോള്‍ 498 വോട്ടാണ് ബി.ജെ.പിക്ക് ലഭിച്ചത്. മൂന്നാം സ്ഥാനത്തായിരുന്ന സി.പി.എമ്മിന് 300 വോട്ടാണ് ലഭിച്ചത്.