‘ഊര്‍ജസ്വലനായ വാര്‍ത്താ ഫോട്ടോഗ്രാഫറെയാണ് നഷ്ടമായത്’; ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫര്‍ കെ.എസ് പ്രവീണ്‍കുമാറിന്റെ നിര്യാണത്തില്‍ അനുശോചനമര്‍പ്പിച്ച് മുഖ്യമന്ത്രി


കീഴ്പ്പയ്യൂര്‍: അന്തരിച്ച ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫര്‍ കെ.എസ് പ്രവീണ്‍കുമാറിന്റെ നിര്യാണത്തില്‍ അനുശോചനമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഊര്‍ജസ്വലനായ വാര്‍ത്താ ഫോട്ടോഗ്രാഫറെയാണ് നഷ്ടമായതെന്ന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

പ്രവീണിന്റെ അപ്രതീക്ഷിത വിയോഗം താങ്ങാവുന്നതിലും ഏറെയെന്ന് സുഹൃത്തുക്കള്‍. വളരെ സൗമ്യസ്വഭാവക്കാരനായിരുന്ന പ്രവീണ്‍ ഒരിക്കല്‍ പരിചയപ്പെട്ടവരോട് പോലും ഹൃദയബന്ധം സൂക്ഷിക്കുന്ന വ്യക്തിയായിരുന്നു അതിനാല്‍ തന്നെ സുഹൃത്തുക്കളുടെ ഒരു വലിയ വലയം തന്നെ അദ്ദേഹത്തിന് സ്വന്തമായുണ്ടായിരുന്നു. ഇത്ര അപ്രതീക്ഷിതമായ ഒരു മരണം വേദനമാത്രം നല്‍കുന്നതാണെന്നും സുഹൃത്തുക്കള്‍ പറയുന്നു.

യൂറോപ്പ് മള്‍ഡോവയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ മകള്‍ പാര്‍വതി എത്തിച്ചേരേണ്ടതുള്ളതിനാലാണ് സംസ്‌കാരം നാളത്തേയ്ക്ക് മാറ്റിയിരിക്കുന്നത്. നാളെ വൈകീട്ട് 3 മണിക്ക് കീഴ്പ്പയ്യൂരിലെ വീട്ടുവളപ്പില്‍ വച്ചാണ് സംസ്‌ക്കാരം . രാവിലെ 9 മുതല്‍ 10 വരെ കോഴിക്കോട് ദേശാഭിമാനിയിലും10 മണി മുതല്‍ 11 വരെ കോഴിക്കോട് ടൗണ്‍ഹാളിലും പൊതു ദര്‍ശനത്തിനുവയ്ക്കും.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. നാല്‍പ്പത്തിയേഴ് വയസ്സായിരുന്നു. ജി.വി രാജ സ്പോര്‍ട്ടസ് ഫോട്ടോഗ്രാഫി ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. നിലവില്‍ ദേശാഭിമാനി തൃശ്ശൂര്‍ യൂണിറ്റിലാണ്.

ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഇന്നലെ വൈകീട്ട് കൊയിലാണ്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഹൃദയാഘാതം സ്ഥിരീകരിച്ചകതോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കുകയായിരുന്നു. രണ്ടു തവണ ഹൃദയാഘാതമുണ്ടാവുകയും ഇന്ന് പുലര്‍ച്ചെ 1.05 ന് മരണം സ്ഥിരീകരിക്കുകയായിരുന്നു.[mid5]