ചായക്കോപ്പയിൽ രുചിയുടെ കൊടുങ്കാറ്റൊരുക്കി എൻ.എസ്.എസ് കൂട്ടുകാർ; കൊയിലാണ്ടി ഉപജില്ലാ കലോത്സവ വേദിയിൽ കുട്ടികൾ സ്വയം തയ്യാറാക്കിയ ആഹാര പദാർത്ഥങ്ങൾക്ക് ആവശ്യക്കാരേറെ


കൊയിലാണ്ടി: ‘ചായക്കോപ്പയിലെ കൊടുങ്കാറ്റ്.’ കൊയിലാണ്ടി ഉപജില്ലാ കലോത്സവ വേദിയിലെത്തിയവരെല്ലാം ഈ ബോർഡ് കണ്ട് ആദ്യമൊന്ന് അമ്പരന്നു. അടുത്ത് ചെന്ന് നോക്കിയപ്പോഴാണ് കാര്യം മനസിലായത്. രുചിയുടെ കൊടുങ്കാറ്റ് വീശുന്ന കുട്ടിക്കച്ചവടക്കാരുടെ ലഘുഭക്ഷണശാലയുടെ പേരാണ് അത്.

കലോത്സവനാളുകൾക്ക് രുചി പകരാനായി ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ എൻ.എസ്.എസ് കൂട്ടായ്മയാണ് ഇതൊരുക്കിയത്. നാവിൽ കൊതിയൂറും ചെറുവിഭവങ്ങൾ സ്വയം തയ്യാറാക്കിയാണ് എൻ.എസ്.എസ് കൂട്ടുകാർ കച്ചവടം ചെയ്യുന്നത്. മിതമായ വിലയിൽ ലഭിക്കുന്ന ഇവരുടെ രുചികരമായ വിഭവങ്ങൾക്ക് ആവശ്യക്കാരും ഏറെയാണ്.

കലോത്സവത്തിന്റെ പ്രധാനവേദികളിലൊന്നായ സ്റ്റേഡിയം ഗ്രൗണ്ടിലാണ് ‘ചായക്കോപ്പയിലെ കൊടുങ്കാറ്റ്’ എന്ന രസകരമായ പേരോടെ എൻ.എസ്.എസ്സിന്റെ ലഘുഭക്ഷണശാല പ്രവർത്തിക്കുന്നത്. ഗ്രൗണ്ടിലെ സ്റ്റേജിൽ നിന്ന് അൽപ്പം അകലെ വടക്ക്-കിഴക്കേ മൂലയിൽ കൊയിലാണ്ടി ഫയർ സ്റ്റേഷന് സമീപമായാണ് എൻ.എസ്.എസ്സിന്റെ ഫൂഡ് സ്റ്റാൾ ഒരുക്കിയിരിക്കുന്നത്.

സുഹൃത്തുക്കൾ ഉണ്ടാക്കിയ ഭക്ഷണം രുചിക്കാനെത്തുന്ന സഹപാഠികളായ വിദ്യാർത്ഥികൾക്ക് പുറമെ കലോത്സവത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും കലാപരിപാടികൾ കാണാനെത്തിയവരുമെല്ലാം എൻ.എസ്.എസ് കുട്ടികളുടെ കൈപ്പുണ്യം അറിഞ്ഞവരാണ്.

വിഭവങ്ങൾ തയ്യാറാക്കുന്നതിന് നിർദ്ദേശങ്ങളുമായി പ്രിയ അധ്യാപികമാരായ നിഷിത ടീച്ചറും ഷീബ ടീച്ചറും കുട്ടികൾക്കൊപ്പം ഉണ്ട്. പഴംപൊരി, ഉള്ളിവട, ഉണ്ണിയപ്പം തുടങ്ങിയ എണ്ണക്കടികളും നാവിന് കുളിർമയേകാനായി സിപ്പപ്പ്, ഐസ്ക്രീം എന്നിവയും ഉപ്പിലിട്ട പഴങ്ങളുമെല്ലാം ഇവിടെ കുട്ടികൾ വിൽക്കുന്നു. കൂടാതെ ആവശ്യക്കാർക്ക് ഓംലറ്റും കുട്ടികൾ ഉണ്ടാക്കിക്കൊടുക്കും. മിതമായ നിരക്കിലാണ് എൻ.എസ്.എസ് കുട്ടികളുടെ കുഞ്ഞുകടയിൽ നിന്ന് ഭക്ഷണസാധനങ്ങൾ ലഭിക്കുന്നതെന്ന് ഇവിടെ നിന്ന് ഭക്ഷണം കഴിച്ചവർ പറയുന്നു.

സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ സേവന പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് കണ്ടെത്താനായാണ് ‘ചായക്കോപ്പയിലെ കൊടുങ്കാറ്റ്’ എന്ന കട തുറന്നത്. കലോത്സവ നാളുകളിൽ രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ചര മണി വരെയാണ് പ്രവർത്തന സമയം. എൻ.എസ്.എസ് അംഗങ്ങളായ പത്തിലേറെ വിദ്യാർത്ഥികളാണ് ഈ സംരംഭത്തിൽ പ്രവർത്തിക്കുന്നത്.

വീഡിയോ കാണാം: