സുരക്ഷയിലെ ചെറുപ്പക്കാരുടെ സഹായത്തിനു മുമ്പില്‍ ശാരീരിക പരിമിതികള്‍ തടസമായില്ല; മേലൂര്‍ കോണ്ടംവള്ളി അയ്യപ്പക്ഷേത്ര മഹോത്സവം കാണാന്‍ ചന്ദ്രനെത്തി


Advertisement

കൊയിലാണ്ടി: ജീവിതത്തില്‍ ഇനിയൊരിക്കലും കാണില്ലെന്നു കരുതിയ കാഴ്ച, മനംകുളിര്‍ക്കെ കണ്ടതിന്റെ നിര്‍വൃതിയിലാണ് മേലൂര്‍ കൊല്ലന്റെ മീത്തല്‍ ചന്ദ്രന്‍. ഒരു ഉത്സവം കാണാന് കഴിയുമെന്ന പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ല. ഇന്നലെ മേലൂർ കോണ്ടംവളളി അയ്യപ്പക്ഷേത്രത്തിലെത്തി ശീവേലി കണ്ടപ്പോള്‍ ചന്ദ്രന് മനസില്‍ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു.

Advertisement

വര്‍ഷങ്ങളായി ശരീരം തളര്‍ന്ന് വീല്‍ചെയറില്‍ കഴിയുന്ന ചന്ദ്രനെ കോണ്ടംവള്ളിയിലെ സുരക്ഷാ പാലിയേറ്റീവിന്റെ നേതൃത്വത്തിലാണ് ഒരു കൂട്ടം ചെറുപ്പക്കാര്‍ ക്ഷേത്രത്തിലെത്തിച്ചത്. ശനിയാഴ്ച രാവിലെ ശീവേലി എഴുന്നള്ളിപ്പ് കണ്ടാണ് ചന്ദ്രന്‍ മടങ്ങിയത്. അമ്മയും സഹോദരിയുമെല്ലാം കൂട്ടിനെത്തിയിരുന്നു.

Advertisement

ഇരുപത് വയസുള്ളപ്പോള്‍ പൂഴിമണല്‍ തലച്ചുമടെടുക്കുന്നതിനിടയില്‍ പറ്റിയ വീഴ്ചയാണ് ചന്ദ്രനെ വീല്‍ചെയറിലാക്കിയത്. 1993ല്‍ മേലൂര്‍ കച്ചേരിപ്പാറക്കടുത്തുവെച്ചായിരുന്നു അപകടം. പിന്നീടുളള വര്‍ഷങ്ങള്‍ ആശുപത്രിയിലും വീടിന്റെ നാല് ചുമരിനുള്ളിലുമായിരുന്നു ജീവിതം. നാട്ടിലെ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന സമയത്തായിരുന്നു ഈ അപകടം.

Advertisement

കോണ്ടംവള്ളി ക്ഷേത്രത്തിന് സമീപത്തായിരുന്നു ചന്ദ്രന്റെ വീട്. ദാമോദരന്‍ നായരുടെയും ജാനകിയമ്മയുടെയും മകനാണ്. സഹോദരന്‍ വേണു അടുത്ത വീട്ടിലെ മോട്ടോര്‍ നന്നാക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചതാണ്. അച്ഛനും അമ്മയ്ക്കുമൊപ്പം കുറുവങ്ങാട്ടുള്ള സഹോദരിയുടെ വീട്ടിലാണ് ചന്ദ്രനിപ്പോള്‍ താമസിക്കുന്നത്.