പെരുവട്ടൂര്‍ കോട്ടക്കുന്ന്-ചാലോറ മലയിലെ മണ്ണെടുക്കല്‍ എന്ത് വിലകൊടുത്തും തടയും; സമരപ്പന്തല്‍ നിര്‍മ്മിച്ച് പ്രതിഷേധവുമായി പ്രദേശവാസികള്‍


കൊയിലാണ്ടി: പെരുവട്ടൂര്‍ കോട്ടക്കുന്ന്- ചാലോറ മലയിലെ മണ്ണെടുക്കല്‍ തടയുക എന്ന ആവശ്യവുമായി പ്രദേശവാസികളുടെ നേതൃത്വത്തില്‍ സമര പന്തല്‍ നിര്‍മിച്ചു. ദേശീയപാത വികസനത്തിന്റെ ഭാഗമായി വാഗാഡ് കമ്പനിയാണ് മണ്ണെടുക്കല്‍ നടപടികളുമായി മുന്നോട്ടുപോകുന്നത് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും പ്രദേശത്തെ ചാലോറ ക്ഷേത്ര ആചാരത്തിനും ഭീഷണിയാകുന്ന മണ്ണെടുക്കലിനെതിരെ സമരം ശക്തമാക്കാന്‍ ആണ് ജനകീയ സമിതിയുടെ തീരുമാനം.

പെരുവട്ടൂര്‍ പതിമൂന്നാം വാര്‍ഡിലെ കോട്ടക്കുന്ന്- ചാലോറ മലയിലാണ് പ്രദേശത്ത് വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കാവുന്ന മണ്ണെടുക്കലിന് നീക്കം നടക്കുന്നത്. ഇതിനെതിരെ പ്രദേശവാസികളുടെ നേതൃത്വത്തില്‍ ജനകീയ പ്രതിഷേധത്തിന്റെ ഭാഗമായി സമരപന്തല്‍ ഉണ്ടാക്കിയത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി ചാലോറ മലയില്‍ നിന്നും 50000 മെട്രിക് ടണ്‍ മണ്ണെടുക്കാനാണ് വഗാഡ് കമ്പനി പെര്‍മിഷനായി അപേക്ഷ നല്‍കിയത് എന്നും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല എന്നുമാണ് അറിയാന്‍ കഴിഞ്ഞത്. ചാലോറ മലയില്‍ നിന്നും മണ്ണെടുക്കുന്നത് പ്രദേശത്തെ ജനങ്ങളെ ഏതു രീതിയില്‍ ബാധിക്കും എന്ന് പരിശോധിക്കാതെയാണ് വാഗാഡ് കമ്പനിയും അധികൃതരും നടപടികളുമായി മുന്നോട്ടുപോകുന്നത് എന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു.

പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും പ്രദേശത്തെ ചാലോറ ക്ഷേത്ര ആചാരത്തിനും ഭീഷണിയാകുന്ന മണ്ണെടുക്കലിനെതിരെ ഒട്ടനവധി സമരമുഖങ്ങളുമായി മുന്നോട്ടുപോകാനാണ് ജനകീയ സമിതി തീരുമാനിച്ചത്. ഇതിന്റെ മുന്നോടിയായാണ് പ്രദേശവാസികളുടെ നേതൃത്വത്തില്‍ സമരപന്തല്‍ നിര്‍മിച്ചു പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്. ചാലോറ മലയില്‍ നിന്നും മണ്ണെടുത്ത് തുടങ്ങിയാല്‍ പ്രദേശത്ത് ഉരുള്‍പൊട്ടലും ഉണ്ടാവാന്‍ സാധ്യതയുണ്ട് എന്നാണ് ജനങ്ങളുടെ ഭയം.

മണ്ണെടുക്കുന്നതോടെ പ്രദേശത്തെ കുടിവെള്ളക്ഷാമം രൂക്ഷമാകുമെന്നും നാട്ടുകാര്‍ പറയുന്നു. ഓരോ അടി മണ്ണെടുക്കുമ്പോഴും സമീപത്തെ പുഴയില്‍ നിന്ന് ഉപ്പുവെള്ളം കിണറുകളില്‍ കയറി വെള്ളം ഉപയോഗിക്കാന്‍ പറ്റാത്ത സ്ഥിതിവരും. ഈ മലയുടെ ഒരു ശക്തി കാലാവസ്ഥ നിയന്ത്രിക്കുന്നുണ്ട്. പടിഞ്ഞാറന്‍ കാറ്റിനെ തടഞ്ഞു നിര്‍ത്തി നാടിനെ സംരക്ഷിക്കുന്നു. ഒട്ടനവധി പ്രത്യേകതയുള്ള ഈ മലയെ ആണ് ചില സ്വകാര്യ വ്യക്തികള്‍ ചേര്‍ന്നു വാഗാഡിനു തീറെഴുതി കൊടുത്തു നാടിനു വലിയ ദുരന്തം വിളിച്ചു സമരപ്പന്തലില്‍ സംസാരിച്ച വാര്‍ഡ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു.

സമരപ്പന്തലിന്റെ ഉദ്ഘാടനം 13,16,18 വാര്‍ഡ് കൗണ്‍സിലര്‍മാരായ ചന്ദ്രിക, ജിഷ, സുധ എന്നിവര്‍ നിര്‍വഹിച്ചു. ജനകീയ സമിതി കണ്‍വീനര്‍ അജല്‍.എം.കെ സ്വാഗതം പറഞ്ഞു. റിട്ടയര്‍ ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫിസിര്‍ നാരായണന്‍ മുഖ്യ പ്രഭാഷണം നടത്തി. കൂടാതെ മറ്റു ജനകീയ സംഘടന പ്രതിനിധികളായ
ഗംഗാധരന്‍, രാമകൃഷ്ണന്‍ മാസ്റ്റര്‍, സുനില്‍ വിയ്യൂര്‍, റീജ എന്നിവര്‍ സംസാരിച്ചു. കെ.കെ.പ്രസാദ് നന്ദി പറഞ്ഞു.

Summary: Peruvattoor Chalora hill mining will be stopped at any cost. Residents of the area protested by building a protest tent