രഞ്ജി ട്രോഫിയിൽ കൊയിലാണ്ടിക്കാരൻ്റെ ആറാട്ട്; രണ്ടാം മത്സരത്തിലും രോഹന് സെഞ്ച്വറി, ആവേശം


രാജ്കോട്ട്: രണ്ടാം രഞ്ജി ട്രോഫി മത്സരത്തിലും താരമായി കൊയിലാണ്ടി സ്വദേശി രോഹൻ എസ് കുന്നുമ്മൽ. തുടർച്ചയായ രണ്ടാം മത്സരത്തിലും ഓപ്പണർ രോഹൻ സെഞ്ചുറി നേടിയതോടെ രഞ്ജി ട്രോഫിയില്‍ ഗുജറാത്തിനെതിരായ മത്സരത്തിന്റെ ഒന്നാം ഇന്നിംഗ്സില്‍ കേരളത്തിന് മികച്ച തുടക്കം.

129 റൺസ് നേടിയാണ് രോഹൻ ഇത്തവണ സെഞ്ചുറി അടിച്ചത്. 171 പന്തിൽനിന്ന് 16 ഫോറും നാല് സിക്സും സഹിതമാണ് രോഹൻ ഈ രഞ്ജി സീസണിലെ തുടർച്ചയായ രണ്ടാം സെഞ്ചുറി നേടുന്നത്.

ഒന്നാം ഇന്നിംഗ്‌സില്‍ ഗുജറാത്ത് 388 റണ്‍സിന് ഓള്‍ഔട്ട് ആയി. ആറു വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സുമായി രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഗുജറാത്തിന് 54 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ശേഷിച്ച നാലു വിക്കറ്റും നഷ്ടമാവുകയായിരുന്നു.

ഏകദിന ശൈലിയിൽ തകർത്തടിച്ച രോഹനും രാഹുലും ഗുജറാത്ത് ബോളർമാരെ അനായാസമാണ് നേരിട്ടത്. 84 പന്തിൽനിന്നാണ് 85 റൺസ് എടുത്തത്.കഴിഞ്ഞ മത്സരത്തിലെപ്പോലെ ആക്രമണ മോഡിലായിരുന്നു ഇരുവരും ബാറ്റ് വീശിയത്. മികച്ച ഫോമിലുള്ള ഇരുവരും പ്രത്യേകിച്ച് രോഹൻ ബാറ്റു അഞ്ചു വീശിയതോടെ കേരളത്തിന്റെ സ്കോർ ബോർഡും അതിവേഗമുയർന്നു.

കേരളത്തിനായി നേരത്തെ അഞ്ചു വിക്കറ്റ് എടുത്ത ശ്രീശാന്തിന് പകരക്കാരനായി ഇറങ്ങിയ എം.ഡി. നിധീഷും നാലു വിക്കറ്റ് വീഴ്ത്തി ബേസിൽ തമ്പിയും പടനയിച്ചതോടെ 338 റൺസിൽ ഗുജറാത്തിനു കളി അവസാനിപ്പിക്കേണ്ടി വന്നു.

രോഹൻ കുന്നുമ്മൽ (129), സച്ചിൻ ബേബി (53) പൊന്നന്‍ രാഹുല്‍ (44), ജലജ് സക്‌സേന (4) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്.

ഇന്നത്തെ കളി അവസാനിക്കുമ്പോൾ 69 ഓവറിൽ 277/4 എന്ന നിലയിലാണ് ടീം.

കൊയിലാണ്ടി കൊല്ലം മന്ദമംഗലത്ത് സുശീൽ കൃഷ്ണ ദമ്പതികളുടെ മകനാണ് രോഹൻ എസ് കുന്നുമ്മൽ.