‘ഇന്നലെ രാവിലെ എഴുന്നേറ്റതു തന്നെ ഷെല്ലാക്രമണങ്ങളുടെ ശബ്ദം കേട്ടാണ്, എന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത അവസ്ഥയിലാണ് ഞങ്ങള്‍’; ഉക്രൈനിലെ ഒഡേസയിൽ നിന്ന് പന്തലായനി സ്വദേശി ഷനാൻ മില്ലർ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് സംസാരിക്കുന്നു


കൊയിലാണ്ടി: ‘ ഇന്നലെ രാവിലെ ഞങ്ങള്‍ എഴുന്നേറ്റതു തന്നെ ഷെല്ലാക്രമണങ്ങളുടെ ശബ്ദം കേട്ടാണ്. ഇന്നലെ ഉച്ചമുതല്‍ ഇന്ന് ഇതുവരെ ആക്രമണങ്ങളൊന്നും ഉണ്ടായിട്ടില്ല. പക്ഷേ ഞങ്ങളെല്ലാം എന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത അവസ്ഥയിലാണ്.’ ഏറെ ആശങ്കയോടെയാണ് പന്തലായനി സ്വദേശി ഷനാന്‍ മില്ലര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു ഉക്രൈനിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് പറഞ്ഞത്.

ഉക്രൈനിലെ ഒഡേസയിലാണ് അദ്ദേഹം താമസിക്കുന്നത്. ഒഡേസ നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നാലാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്. ഇന്ത്യയില്‍ നിന്നുള്ള 800 ഓളം വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്. അതില്‍ 300 ഓളം പേര്‍ മലയാളികളാണ്. ഇന്നലെ ഷെല്ലാക്രമണത്തിന്റെ ശബ്ദം കേട്ടതോടെ എല്ലാവരും പരിഭ്രാന്തരായി. ബങ്കറുകളില്‍ പോയിരിക്കാനാണ് ഔദ്യോഗികമായി കിട്ടിയ നിര്‍ദേശം. ഹോസ്റ്റലിലെ എല്ലാ കുട്ടികളും ഇന്ന് രാവിലെ വരെ ബങ്കറുകളിലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

സുഹൃത്തിനൊപ്പം ഫ്‌ളാറ്റിലാണ് ഷനാന്‍ താമസിക്കുന്നത്. ഭൂഗര്‍ഭ ഫ്‌ളാറ്റായതിനാല്‍ ഇതുവരെ ഇവിടെ നിന്നും മാറിയിട്ടില്ല. മലയാളി വിദ്യാര്‍ഥികളില്‍ പലരും പലയിടങ്ങളിലായി ഫ്‌ളാറ്റിലാണ് താമസിക്കുന്നത്. അതുകൊണ്ടുതന്നെ പരസ്പരം ബന്ധപ്പെടുകയെന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ ബുദ്ധിമുട്ടാണ്. പുറത്തിറങ്ങുന്നത് ഒട്ടും സുരക്ഷിതമല്ല. യുദ്ധം സംബന്ധിച്ച് ഒരാഴ്ച മുമ്പ് സൂചന ലഭിച്ചതിനാല്‍ ആവശ്യമുള്ള ഭക്ഷണ സാധനങ്ങള്‍ കരുതിവെച്ചിരുന്നു. സൂപ്പര്‍മാര്‍ക്കറ്റുകളിലെല്ലാം നമുക്ക് ആവശ്യമുള്ള പല സാധനങ്ങളും തീര്‍ന്നുകഴിഞ്ഞു. എല്ലാവിധ രേഖകളുമായേ പുറത്തിറങ്ങാന്‍ സാധിക്കൂ. ഭാഷയുടെ പ്രശ്‌നവുമുണ്ട്. അതുകൊണ്ടുതന്നെ വീടിനുള്ളില്‍ തന്നെ ഇരിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.

വിവിധ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി എംബസിയില്‍ നിന്നും നിര്‍ദേശങ്ങള്‍ വരുന്നുണ്ട്. എത്രത്തോളം ആധികാരികമാണെന്ന് അറിയില്ല. ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിച്ച് അന്വേഷിച്ചാണ് കാര്യങ്ങള്‍ അറിയുന്നത്. ഏറ്റവും അടുത്ത അടുത്ത പ്രദേശങ്ങളിലേക്ക് എത്തിച്ചേരാനാണ് എംബസിയില്‍ നിന്ന് ആവശ്യപ്പെടുന്നത്. റൊമാനിയ, ഹംഗറി, പോളണ്ട് എന്നിവയാണ് ഒഡേസയ്ക്ക് അടുത്തുള്ള അതിര്‍ത്തി രാജ്യങ്ങള്‍. ഇതില്‍ റൊമാനിയയാണ് ഏറ്റവും അടുത്തത്. അവിടേക്ക് പോകണമെങ്കില്‍ തന്നെ എഴുന്നൂറോളം കിലോമീറ്റര്‍ യാത്ര ചെയ്യണം. തനിച്ച് യാത്ര ചെയ്യുകയെന്നത് അപകടകരമാണ്. നഗരങ്ങളിലൊഴികെ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ഏതാണ്ട് നിര്‍ത്തിവെച്ചതുപോലെയാണ്. ട്രെയിനുകളും ലിമിറ്റ് ചെയ്തിട്ടുണ്ട് എന്നാണ് അറിയുന്നത്. ഉള്ള വാഹനങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നതെന്നും അദ്ദേഹം പറയുന്നു.

യാത്രയ്ക്കുള്ള ചെലവും പ്രശ്‌നമാണ്. പല എ.ടി.എമ്മുകളിലും പണമെടുക്കുന്നതിന് പരിധി ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതുതന്നെ ലഭിക്കണമെങ്കില്‍ മണിക്കൂറുകള്‍ ക്യൂ നില്‍ക്കേണ്ട അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

റൊമാനിയയിലേക്ക് എത്തിക്കാന്‍ എംബസി എന്തെങ്കിലും തരത്തിലുള്ള സംവിധാനങ്ങള്‍ ഒരുക്കിയാല്‍ തന്നെ ഇത്രയേറെ വിദ്യാര്‍ഥികളെ ഒരുമിച്ച് കൊണ്ടുപോകുകയെന്നത് പ്രയാസകരമായിരിക്കും. പലരും പല ഫ്‌ളാറ്റുകളിലാണ് താമസിക്കുന്നത് എന്നതിനാല്‍ വാട്‌സ്ആപ്പ് വഴിയും മറ്റുമാണ് പരസ്പരം ബന്ധപ്പെടുന്നത്. എന്നാല്‍ അപായ സൈറന്‍ മുഴങ്ങിയാല്‍ ബങ്കറുകളിലേക്ക് പോകണമെന്നാണ് നിര്‍ദേശം വന്നിരിക്കുന്നത്. നേരത്തെ രണ്ടുതവണ സൈറന്‍ മുഴങ്ങിയിരുന്നു. ട്രയല്‍ ആണെന്നാണ് പറഞ്ഞുകേട്ടത്. ബങ്കറുകളിലെത്തുന്നവര്‍ക്ക് നെറ്റുവര്‍ക്ക് കിട്ടില്ല. അതുകൊണ്ടുതന്നെ പുറത്തുനടക്കുന്ന സംഭവങ്ങളൊന്നും അറിയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പന്തലായനി ഉദയം വീട്ടില്‍ ഉദയകുമാറിന്റെയും സ്വര്‍ണലതയുടെയും മകനാണ് ഷനാന്‍ മില്ലര്‍.