വർഷങ്ങൾ നീണ്ട ഇടവേളയ്ക്കു ശേഷം കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്സിന്റെ മണ്ണിലേക്ക് ആ കപ്പെത്തി; ഉപജില്ലാ കായികമേളയിൽ തിളങ്ങി നാളെയുടെ കുട്ടിത്താരങ്ങൾ, കൊയിലാണ്ടിക്കിത് ആഘോഷത്തിന്റെ നാൾ


കൊയിലാണ്ടി: വാശിയേറിയ പോരാട്ടത്തിൽ, വ്യക്തമായ ലീഡുണ്ടായിരുന്നെങ്കിലും അവസാനത്തെ മത്സരം വരെ ശ്വാസം അടക്കി പിടിച്ചാണ് ജി.വി.എച്ച്.എസ്.എസ്സിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും നിന്നത്. ഓരോ കളിയും ഓരോ പോയിന്റും അവർക്കത്ര വിലപ്പെട്ടതായിരുന്നു. തങ്ങളുടേത് മാത്രമായിരുന്ന ആ ട്രോഫി ഇടയ്ക്കു മറ്റു അവകാശികൾ കൊണ്ടുപോയപ്പോൾ മുതൽ തിരികെ തങ്ങളുടെ മണ്ണിലേക്ക് കൊണ്ട് വരാനുള്ള പരിശ്രമത്തിലായിരുന്നു സ്കൂൾ.

ഒരു കാലത്ത് വടകര വിദ്യാഭ്യാസ ജില്ലയിൽ കായികമേളയിൽ അന്നത്തെ ബോയ്സ് ഹൈസ്കൂൾ വെന്നികൊടിനാട്ടിയിരുന്നു. പ്രഗൽഭരായ പല കായിക താരങ്ങളും പിറന്ന മണ്ണായി മാറി കൊയിലാണ്ടി ഹൈസ്കൂൾ. അങ്ങനെ കായിക മാമാങ്കത്തിലെ രാജാക്കന്മാരായി വാണിരുന്നവരുടെ അസ്ത്രങ്ങൾ എവിടെയോ കൈമോശം വന്നപ്പോൾ മറ്റു സ്കൂളുകൾ കപ്പടിച്ചു.

ഇത്തവണ കായിക മേളയ്ക്കായുള്ള ആദ്യ ചുവടുവെപ്പ് തുടങ്ങിയപ്പോൾ തന്നെ ജി.വി.എച്ച്.എസ്,എസ്സ് തീരുമാനിച്ചു, ഇത്തവണ ഭീമൻ ഷീൽഡിനെ വീണ്ടും കയ്യിൽ പിടിക്കണമെന്ന്. അദ്ധ്യാപകരും, വിദ്യാർത്ഥികളും കുട്ടികളും ഒന്നായി നിന്നു, ആഗ്രഹത്തോടൊപ്പം തന്നെ കൃത്യമായ പരിശീലനങ്ങളും നടത്തി. അങ്ങനെ കഴിഞ്ഞ മൂന്നു ദിവസം സ്റ്റേഡിയത്തിൽ നടന്ന കായിക മേളയിൽ ട്രാക്കിലും, ഫീൽഡിലും, ജി.വി.എച്ച്.എസ്.എസ് ൻ്റെ സമ്പൂർണ്ണ ആധിപത്യമായിരുന്നു. കഷ്ട്ടപെട്ടു, കഠിനാധ്വാനം ചെയ്തു അവർ കപ്പടിച്ചു.

കൊയിലാണ്ടി സ്റ്റേഡിയത്തിൽ നടന്ന 12 മത് ഉപജില്ലാ കായിക മേളയിൽ ആണ് വർഷങ്ങൾക്ക് ശേഷം ജി.വി.എച്ച്.എസ്.എസ്.കിരീടം ചൂടിയത്. എച്ച്.എസ് – എച്ച്.എസ്.എസ് വിഭാഗത്തിൽ 251 പോയിന്‍റ് നേടിയാണ് ജി.വി.എച്ച്.എസ്.എസ്സ്. കൊയിലാണ്ടി ഓവറോള്‍ കപ്പ് ഉയർത്തിയത്. റണ്ണർ ആപ്പ് ആയിരുന്ന ടീമിനെക്കാളും 76 പോയിന്റുകളുടെ ലീഡുമായി ആണ് ഇവർ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

ചെണ്ട കൊട്ടിയും ചേങ്ങില കൊട്ടിയും ഭീമൻ ട്രോഫിയുമായി വിദ്യാർത്ഥികളും അദ്ധ്യാപകരും ഇന്ന് കൊയിലാണ്ടി ടൗണിലൂടെ നടന്നു, തങ്ങളുടെ സന്തോഷം നാടിനോട് പങ്കിടാനായി. കൊയിലാണ്ടി ബസ് സ്റ്റാൻഡിലും തെരുവീഥികളിലുമുള്ളവരുമായി അവർ തങ്ങളുടെ വിജയം പങ്കിട്ടു, വർഷങ്ങൾക്കു ശേഷം തിരികെ വന്ന വസന്തത്തിന്റെ ആഹ്ലാദവും പേറി നാളയുടെ ഭാവി താരങ്ങൾ നടന്നു നീങ്ങിയപ്പോൾ കൊയിലാണ്ടിക്കും ഇത് സന്തോഷത്തിന്റെ നിമിഷങ്ങൾ.