ബന്ധുവായ യുവാവുമായുള്ള ബന്ധം പുറത്തറിയാതിരിക്കാന്‍ നവജാത ശിശുവിനെ കറുത്തറുത്ത് കൊന്ന കേസ്; ബാലുശ്ശേരി സ്വദേശിനിയായ അമ്മയേയും സുഹൃത്തിനെയും കോടതി വെറുതെ വിട്ടു
ബാലുശ്ശേരി: ബാലുശ്ശേരിയില്‍ നവജാത ശിശുവിനെ കഴുത്തറുത്ത് കൊന്ന കേസില്‍ അമ്മയെയും കൂട്ടു പ്രതിയായ ബന്ധുവിനെയും കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തിലാണ് നടപടി. കോഴിക്കോട് പോക്‌സോ കോടതിയുടേതാണ് വിധി.
യുവാവുമായുള്ള സ്ത്രീയുടെ ബന്ധം പുറത്തറിയാതിരിക്കാനാണ് കൊലപാതകമെന്നായിരുന്നു പ്രൊസിക്യൂഷന്‍ വാദം. യുവതി ഗര്‍ഭിണിയായത് വീട്ടുകാര്‍ പോലും അറിഞ്ഞിരുന്നില്ല. കുഞ്ഞിന് ജന്മം നല്‍കിയത് പുറത്തറിയാതിരിക്കാന്‍ വീട്ടില്‍ പ്രസവിച്ച ശേഷം കൊന്നുകളയാന്‍ ഇവര്‍ പദ്ധതിയിട്ടെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. എന്നാല്‍ ഇക്കാര്യം പ്രോസിക്യൂഷന് കൃത്യമായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയ കോടതി പ്രതികളെ വെറുതെ വിടുകയായിരുന്നു.
2018 സെപ്റ്റംബര്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. പ്രസവിച്ച് മണിക്കൂറുകള്‍ക്കുളളില്‍ നവജാത ശിശുവിനെ അമ്മ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്തു കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. സംഭവ ദിവസം വീട്ടില്‍ നിന്ന് ബഹളം കേട്ട നാട്ടുകാരാണ് ബാലുശ്ശേരി പൊലീസില്‍ വിവരം അറിയിച്ചത്. കുഞ്ഞിന്റെ മൃതദേഹം തുണിയില്‍ പൊതിഞ്ഞു കെട്ടിയ നിലയിലായിരുന്നു.
ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്ന ബാലുശ്ശേരി പനങ്ങാട് സ്വദേശിനിയും ബന്ധുവായ യുവാവുമായിരുന്നു പ്രധാന പ്രതികള്‍. കൊലക്കുറ്റം, ഗൂഡാലോചന തുടങ്ങി വിവിധ വകുപ്പകള്‍ ചുമത്തിയായിരുന്നു ഇവര്‍ക്കെതിരെ കേസെടുത്തത്.