ഇര്‍ഷാദ് വധക്കേസ്; പേരാമ്പ്ര മജിസ്‌ട്രേറ്റീന് മുമ്പാകെ ഉമ്മ പരാതി നല്‍കി; പന്തിരിക്കരയിലെ അഞ്ച് പേര്‍ക്കെതിരെ കൂടി കേസെടുത്ത് പോലീസ്



പേരാമ്പ്ര: പന്തിരിക്കര സൂപ്പിക്കടയിലെ ഇര്‍ഷാദിനെ സ്വര്‍ണക്കടത്തുസംഘം തട്ടിക്കൊണ്ടുപോയശേഷം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അഞ്ചാളുടെ പേരില്‍ കൂടി കേസെടുത്തു. ഇര്‍ഷാദിന്റെ അമ്മ നഫീസ നല്‍കിയ ഹര്‍ജിയില്‍ കോടതി ഉത്തരവ് പ്രകാരമാണ് കേസെടുത്തത്.

സൂപ്പിക്കടയിലെ ഷമീര്‍, നിജാസ്, പന്തിരിക്കരയിലെ കബീര്‍, റൗഫ്, ഫസലു എന്നിവരുടെ പേരിലാണ് പെരുവണ്ണാമൂഴി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോകുന്നതിലും പിന്നീട് കൊല്ലപ്പെടുന്നതിലും ഇവര്‍ കാരണക്കാരായിട്ടും നിയമനടപടി ഉണ്ടാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മാതാവ് പേരാമ്പ്ര മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ദുബൈയില്‍ നിന്നും കോഴിക്കോട് വിമാനത്താവളത്തിലെത്തിയ ഇര്‍ഷാദിനെ വിമാനത്താവളത്തില്‍ നിന്നും ഇവരാണ് കൂട്ടിക്കൊണ്ടോപോയതെന്നും ഇവര്‍ ഇര്‍ഷാദിന്റെ കൈവശമുണ്ടായിരുന്ന സ്വര്‍ണം തട്ടിയെടുത്തുമെന്നുമാണ് നഫീസ നല്‍കിയ ഹരജിയില്‍ ആരോപിക്കുന്നത്. കബീറിന്റെ നേതൃത്വത്തിലാണ് ഇര്‍ഷാദിനെ ഭാര്യവീട്ടില്‍നിന്നും കൂട്ടിക്കൊണ്ടുപോയി ഒളിവില്‍ പാര്‍പ്പിച്ചത്. ഒളിവില്‍ കഴിയവെയാണ് ജൂലായ് മൂന്നിന് ഇര്‍ഷാദ് സ്വര്‍ണക്കടത്തുകാരുടെ പിടിയിലായത്. സ്വര്‍ണം തിരികെ നല്‍കിയാല്‍ ഇര്‍ഷാദിനെ വിട്ടുനല്‍കാമെന്ന് തടങ്കലിലാക്കിയവര്‍ ആവശ്യപ്പെട്ടിട്ടും സ്വര്‍ണം തിരികെ നല്‍കാന്‍ ഷമീറിന്റെ നേതൃത്വത്തിലുള്ളവര്‍ തയ്യാറായിരുന്നില്ലെന്നും ഹരജിയില്‍ ആരോപിക്കുന്നു.

ഇര്‍ഷാദ് കേസില്‍ ഷെമീറിനെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു. ആവശ്യമായ അന്വേഷണം നടത്താതെ അവരെ സഹായിക്കുന്ന രൂപത്തിലുള്ള ഇടപെടലാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും നഫീസ പരാതിയില്‍ ആരോപിക്കുന്നു.

സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദിനെ ജൂലായ് 17-നാണ് തിക്കോടി കോടിക്കല്‍ കടപ്പുറത്ത് കണ്ടെത്തിയത്. ഡി.എന്‍.എ പരിശോധനയിലൂടെയാണ് മൃതദേഹം ഇര്‍ഷാദിന്റേതാണെന്ന് സ്ഥിരീകരിച്ചത്.