വൈദ്യുതി പോസ്റ്റ് വീണ് ബേപ്പൂർ സ്വദേശി മരിച്ച സംഭവം; കെഎസ്‌ഇബി കരാറുകാരനെതിരെ കുറ്റകരമായ നരഹത്യയ്ക്ക് കേസ്
ബേപ്പൂർ: നടുവട്ടത്ത് വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ കരാറുകാരനെതിരെ കേസ്. ബേപ്പൂര്‍ സ്വദേശി ആലിക്കോയയെ ആണ് ബേപ്പൂര്‍ പോലിസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരേ കുറ്റകരമായ നരഹത്യയ്ക്ക് കേസെടുത്തു.
ഇന്നലെ ഉച്ചയ്ക്ക് 12:45 ഓടെ നടുവട്ടത്ത് വൈദ്യുത പോസ്റ്റ് വീണാണ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചത്. ബേപ്പൂര്‍ സ്വദേശി അര്‍ജുന്‍ (22) ആണ് മരിച്ചത്.
കെ.എസ്.ഇ.ബി ജീവനക്കാര്‍ വൈദ്യുത പോസ്റ്റ് മാറ്റി പുതിയ പോസ്റ്റ് സ്ഥാപിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. അതിനിടയിലാണ് മാറ്റുകയായിരുന്ന പഴയ പോസ്റ്റ് ബൈക്കില്‍ പോകുകയായിരുന്ന അര്‍ജുന്റെ ദേഹത്തേക്ക് വീണത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കെഎസ്ഇബി അറിയാതെയാണ് പോസ്റ്റ് നീക്കിയതെന്നും അപകടത്തിന്‍റെ ഉത്തരവാദിത്വം കരാറുകാരനാണെന്നും ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഷാജി സുധാകരൻ പറഞ്ഞു.
മരിച്ച യുവാവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. കുറ്റക്കാര്‍ ആരാണോ അവരില്‍ നിന്ന് ഈ തുക ഈടാക്കും. അന്വേഷണത്തിന് കെഎസ്‌ഇബി ചെയര്‍മാനെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.
പോസ്റ്റ് മാറ്റുന്ന ജോലി അശ്രദ്ധമായാണ് ജീവനക്കാര്‍ ചെയ്തതെന്നും ഇവര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധിച്ചിരുന്നു.