ഗാന്ധി ഘാതകന്‍ ഗോഡ്‌സെയെ പ്രകീര്‍ത്തിച്ചുള്ള കമന്റ്; കോഴിക്കോട് എന്‍.ഐ.ടിയിലെ പ്രഫസര്‍ക്കെതിരെ കേസ്


കോഴിക്കോട്: മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിദിനത്തില്‍ ഗാന്ധി ഘാതകന്‍ ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച് കമന്റിട്ട എന്‍.ഐ.ടി.യിലെ പ്രൊഫസര്‍ ഷൈജ ആണ്ടവനെതിരെ കുന്ദമംഗലം പോലീസ് കേസെടുത്തു. ഐ.പി.സി 153 പ്രകാരം കലാപം ഉണ്ടാക്കാന്‍ ഉള്ള ഉദ്ദേശത്തോടെ ഉള്ള പ്രകോപനം എന്ന കുറ്റത്തിനാണ് കേസ് എടുത്തത്. എസ്.എഫ്.ഐ. കുന്ദമംഗലം ഏരിയാ കമ്മറ്റി അംഗം അശ്വിന്‍ നല്‍കിയ പരാതിയിലാണ് നടപടി.

‘ഇന്ത്യയെ രക്ഷിച്ച ഗോഡ്സെ അഭിമാനം’ എന്നായിരുന്നു പ്രഫസറുടെ കമന്റ്. കമന്റ് വിവാദമായതോടെ പ്രൊഫസര്‍ ഇത് ഡിലീറ്റ് ചെയ്തിരുന്നു. കോഴിക്കോട് എന്‍ഐടിയിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ പ്രൊഫസറാണ് ഷൈജ ആണ്ടവന്‍. ”ഹിന്ദു മഹാസഭാ പ്രവര്‍ത്തകന്‍ നാഥൂറാം വിനായക് ഗോഡ്സെ. ഭാരത്തിലെ ഒരുപാട് പേരുടെ ഹീറോ” എന്ന കുറിപ്പോടെ അഡ്വ.കൃഷ്ണ രാജ് എന്നയാള്‍ പോസ്റ്റ് ചെയ്ത ഗോഡ്സെയുടെ ചിത്രത്തിന് താഴെയാണ് ഷൈജ ആണ്ടവന്‍ കമന്റ് ചെയ്ത്.

നേരത്തെ കുന്ദമംഗലം പോലീസ് സ്റ്റേഷനില്‍ എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി സ്വാഹിബ് മുഹമ്മദും നടക്കാവ് പോലീസ് സ്റ്റേഷനില്‍ കെ.എസ്.യു. ജില്ലാ പ്രസിഡന്റ് സൂരജും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഡി.വൈ.എഫ്.ഐ.യും അധ്യാപികയ്ക്കെതിരെ പരാതി നല്‍കിയിരുന്നു.

രാമക്ഷേത്ര പ്രതിഷ്ഠയുടെ തലേ ദിവസം ജനുവരി 21ന് എന്‍ഐടിയില്‍ സയന്‍സ് ആന്റ് സ്പിരിച്വാലിറ്റി ക്ലബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കാവി നിറമുള്ള ഇന്ത്യയുടെ ഭൂപടവും അതില്‍ അമ്പും വില്ലും പ്രദര്‍ശിപ്പിച്ചിരുന്നു. ഒപ്പം വിദ്യാര്‍ത്ഥികള്‍ ജയ് ശ്രീറാം മുഴക്കുകയും ചെയ്തിരുന്നു. പിന്നാലെ പ്രതിഷേധവുമായി കോളേജിലെ ബിടെക്ക് വിദ്യാര്‍ത്ഥിയായ വൈശാഖ് പ്രേംകുമാര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ‘ഇന്ത്യ രാമരാജ്യമല്ല’ എന്ന പോസ്റ്റര്‍ ഉയര്‍ത്തിയായിരുന്നു വൈശാഖിന്റെ പ്രതിഷേധം. എന്നാല്‍ സംഭവത്തില്‍ വൈശാഖിനെതിരെ മാത്രം കോളേജ് നടപടി സ്വീകരിക്കുകയായിരുന്നു. പിന്നാലെ കോളേജിന്റെ നടപടിയില്‍ പ്രതിഷേധിച്ച് മറ്റു വിദ്യാര്‍ത്ഥികള്‍ കോളേജിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.