ക്ഷേത്രക്കവര്‍ച്ചക്കേസില്‍ ജാമ്യത്തിലിറങ്ങി മോഷണം; കോഴിക്കോട് വീട്ടില്‍ നിര്‍ത്തിയിട്ട ഒന്നരലക്ഷം രൂപയുടെ ബൈക്ക് മോഷ്ടിച്ച പ്രതി അറസ്റ്റില്‍
കോഴിക്കോട്: വാഹന മോഷണം പ്രതി അറസ്റ്റില്‍. നിരവധി കവര്‍ച്ചക്കേസുകളില്‍ പ്രതിയായ യുവാവിനെയാണ് വാഹനമോഷണക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കുറ്റിക്കാട്ടൂര്‍ കീഴ്മഠത്തില്‍ മീത്തല്‍ മുഹമ്മദ് തായിഫ് (19) ആണ് പിടിയിലായത്.
ടൗണ്‍ അസി. കമീഷണര്‍ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ഇന്‍സ്‌പെക്ടര്‍ എന്‍. പ്രജീഷിന്റെ നേതൃത്വത്തിലുള്ള കസബ പൊലീസും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഡിസംബര്‍ മൂന്നിന് പുലര്‍ച്ചെ കുറ്റിയില്‍ താഴത്തുള്ള വീട്ടില്‍ നിര്‍ത്തിയിട്ട ഒന്നരലക്ഷം രൂപയുടെ ബൈക്കാണ് പ്രതിയും സംഘവും ചേര്‍ന്ന് കവര്‍ന്നത്.
സംഭവത്തില്‍ പൊക്കുന്ന് സ്വദേശിയായ അക്ഷയും ഫറോക്ക് സ്വദേശി മുഹമ്മദ് ഫായിസും നേരത്തേ പിടിയിലായിരുന്നു. കൂട്ടാളികള്‍ പിടിയിലായതറിഞ്ഞ് തായിഫ് ഒളിവില്‍ പോവുകയായിരുന്നു. ജില്ലയില്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയതിനെത്തുടര്‍ന്ന് പ്രതി അയല്‍ ജില്ലകളില്‍ രഹസ്യമായി താമസിക്കുകയായിരുന്നു.
കോഴിക്കോട് സിറ്റിയില്‍ ഇടക്കിടെ വരാറുണ്ടെന്ന് ഡെപ്യൂട്ടി കമീഷണര്‍ കെ.ഇ. ബൈജുവിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് സിറ്റി ക്രൈം സ്‌ക്വാഡ് പാളയം മാര്‍ക്കറ്റ് റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയതിനിടെയാണ് അറസ്റ്റിലായത്. ക്ഷേത്ര കവര്‍ച്ചകളുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് തായിഫ്.