ഡിണ്ടിഗലിലെ വാഹനാപകടം; മരണപ്പെട്ട മേപ്പയ്യൂര്‍ സ്വദേശികളായ ശോഭയ്ക്കും ശോഭനയ്ക്കും കണ്ണീരോട് വിടനല്‍കി നാട്
മേപ്പയൂര്‍: തമിഴ്നാട്ടിലെ ഡിണ്ടിഗലില്‍ വാഹന അപകടത്തില്‍ മരിച്ച മേപ്പയൂര്‍ ജനകീയമുക്ക് സ്വദേശികളായ പാറച്ചാലില്‍ ശോഭന, പാറച്ചാലില്‍ ശോഭ എന്നിവര്‍ക്ക് നാടിന്റെ അന്ത്യാജ്ഞലി. മധുര മിനാക്ഷി മിഷന്‍ ആശുപത്രിയില്‍ നിന്ന് പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്നലെ വൈകീട്ട് 4നാണ് ഇരുവരുടെയും മൃതശരീരങ്ങള്‍ വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് പുറപ്പെട്ടത്.
അപകടവിവരമറിഞ്ഞ് ആശുപത്രിയില്‍ എത്തിയിരുന്ന അടുത്ത ബന്ധുക്കള്‍ക്ക് ആംബുലന്‍സിനൊപ്പം വരാന്‍ കഴിഞ്ഞില്ല. അപകടത്തില്‍ പരുക്കേറ്റ ആറു പേര്‍ ആശുപത്രിയില്‍ കിടക്കുന്നതിനാലാണ് വരാന്‍ കഴിയാഞ്ഞത്. പാറച്ചാലില്‍ പരേതനായ ഗോവിന്ദന്റെ ഭാര്യ ശോഭനയ്ക്ക് മക്കളായ ഷോജിയും സോജിയും കണ്ണീരോടെ വെള്ളം നല്‍കി അവസാന ചുബന നല്‍കിയപ്പോള്‍ കണ്ടു നിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു. പറച്ചാലില്‍ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ ശോഭയ്ക്ക് അടുത്ത ബന്ധുക്കളാണ് അവസാന കര്‍മങ്ങള്‍ ചെയ്തത്. മക്കളായ ഷെബിനും അശ്വതി കൃഷ്ണക്കും അപകടത്തില്‍ പരുക്കു പറ്റി ദിണ്ടിഗലിലെ ആശുപത്രിയില്‍ കഴിയുകയാണ്.
സംസ്‌കാര ചടങ്ങില്‍ മേപ്പയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍, ജില്ലാ പഞ്ചാത്തംഗം വി.പി.ദുല്‍ഖിഫില്‍, മേപ്പയൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, വാര്‍ഡ് മെംബര്‍ വി.പി.ശ്രീജ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്തു.
സഹോരങ്ങളുടെ ഭാര്യമാരായ ഇരുവരും കുടംബത്തോടൊപ്പം പുതുവര്‍ഷത്തില്‍ തമിഴ്നാട്ടിലെ മധുര മീനാക്ഷി ക്ഷേത്രം സന്ദര്‍ശിക്കാന്‍ പോകവെയായിരുന്നു ഡിണ്ടിഗലില്‍വെച്ച് കാര്‍ അപകടത്തില്‍പ്പെട്ട് മരിക്കുന്നത്. അപകടത്തില്‍ കാറിലുണ്ടായിരുന്ന മൂന്ന് കൂട്ടികള്‍ അടക്കം 10 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവാനി(3), ഇസാനി (3), മിയ മിതാലി (7), അശ്വതി (28), അരുന്ധതി (18), അഞ്ജലി (31), അജിത (40), ഉണ്ണികൃഷ്ണന്‍ (65), ഷിബിന്‍ (38), മിഥുന്‍ രാജ്(42) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ നത്തം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തിന് മുമ്പ് യാത്രയ്ക്കിടെ എടുത്ത ഗ്രൂപ്പ് സെല്‍ഫി ഷിബിന്‍ ഫാമിലി വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് ഷെയര്‍ ചെയ്തിരുന്നു. ശോഭയുടെയും ശോഭനയുടെയും കൂടെയുള്ള അവസാനഫോട്ടോയാവും അതെന്ന് ആരും കരുതിയിരുന്നില്ല. മരിച്ച ശോഭ തൊഴിലുറപ്പ് തൊഴിലാളിയും ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകയും നാട്ടിലെ പൊതുപ്രവര്‍ത്തനങ്ങളിലെ സജീവ പങ്കാളിയുമായിരുന്നു.