കനാല്‍ തുറന്നിട്ടും ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായിട്ട മണ്ണ് നീക്കം ചെയ്തില്ല; വെള്ളം കിട്ടുമോയെന്ന ആശങ്കയില്‍ കര്‍ഷകര്‍
കൊയിലാണ്ടി: കനാല്‍ തുറന്നിട്ടും വെള്ളം ലഭിക്കുമോ എന്ന ആശങ്കയില്‍ കൊയിലാണ്ടി മേഖലയിലെ കര്‍ഷകരും നാട്ടുകാരും. നന്തി- ചെങ്ങോട്ട്കാവ് ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗാമായി കനാലിലിട്ട മണ്ണ് നീക്കം ചെയ്യാത്തതാണ് ആശങ്കയ്ക്ക് കാരണം. ബൈപ്പാസ് നിര്‍മ്മാണത്തിനായുള്ള ഗതാഗത സൗകര്യത്തിനായി കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായുള്ള കനാലുകളിലും മറ്റ് ജലസ്രോതസ്സുകളിലും ചില ഭാഗങ്ങളില്‍ മണ്ണിട്ട് മൂടിയിരുന്നു. എന്നാല്‍ അണക്കെട്ട് തുറന്നിട്ടും മണ്ണ് നീക്കം ചെയ്യാന്‍ ബന്ധപ്പെട്ട അധികാരികള്‍ ഇതുവരെ തയ്യാറായിട്ടില്ല.
അനുവാദമില്ലാതെയാണ് കരാറുകാര്‍ കനാല്‍ മണ്ണിട്ട് നികത്തി വഴിയുണ്ടാക്കിയതെന്ന് കുറ്റ്യാടിയിലെ ഡെപ്യൂട്ടി എന്‍ജിനീയര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ദേശീയപാതാ അതോറിറ്റി (എന്‍.എച്ച്.എ.ഐ) ആണ് മണ്ണ് മാറ്റേണ്ടത്. എന്നാല്‍ മണ്ണ് മാറ്റാനാവശ്യപ്പെട്ടിട്ടും ഇതുവരെ അവര്‍ അത്് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കനാല്‍ തുറന്ന് മൂന്ന് ദിവസം കൊണ്ടാണ് കൊയിലാണ്ടി ഭാഗത്തെ കനാലില്‍ വെള്ളമെത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കനാലുകളിലിന്റെ ചില ഭാഗങ്ങളില്‍ മണ്ണിട്ട് മൂടിയത് പ്രതിസന്ധിയിലാക്കിയത് പന്തലായനി, മരളൂര്‍ ഭാഗത്തെ കര്‍ഷകരെയും നാട്ടുകാരെയുമാണ്. വേനല്‍ക്കാലത്തും ഇവിടെ കൃഷി മുന്നോട്ടുകൊണ്ടുപോകാനും കിണറുകളില്‍ വെള്ളം കുറയാതിരിക്കാനും കാരണം ഫെബ്രുവരി പകുതിയോടെ വരുന്ന കനാല്‍ വെള്ളമായിരുന്നു. എന്നാല്‍ ഇത്തവണ ബൈപ്പാസ് നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ കനാലിന്റെ ചില ഭാഗങ്ങള്‍ നീരൊഴുക്ക് തടയുംവിധം മണ്ണിട്ട നിലയിലാണ്.
കനാലിലൂടെ വെള്ളം തുറന്നു വിടുന്നതിന് മുന്നോടിയായി കനാല്‍ വൃത്തിയാക്കിയിരുന്നു. എന്നാല്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടും മണ്ണിട്ട ഭാഗത്തെ മണ്ണ് നീക്കം ചെയ്തിട്ടില്ല. പന്തലായനി മരളൂര്‍ ഭാഗത്തെ പാടശേഖരത്തെയാണ് ഇത് ഏറെ ബാധിക്കുക. കനാലിലെ നീരൊഴുക്ക് സുഗമമാക്കിയില്ലെങ്കില്‍ ഈ ഭാഗത്തെ നെല്‍കൃഷി പൂര്‍ണമായി നശിക്കാനും നൂറോളം വീടുകളില്‍ കുടിവെള്ളപ്രശ്നം ഉണ്ടാകാനും ഇടയാക്കും.