കേരള പൊലീസ് എസ്.പി.സി പ്രോജക്ട് ചാലഞ്ച് ദ ചാലഞ്ച് സംസ്ഥാനതല മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടി പൊയില്‍ക്കാവ് സ്‌കൂളിലെ കേഡറ്റുകള്‍


കൊയിലാണ്ടി: കേരളാ പോലീസ് എസ്.പി.സി പ്രൊജക്റ്റിന്റെ ചാലഞ്ച് ദ ചാലഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി നടത്തിയ സംസ്ഥാനതല മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടി പൊയില്‍ക്കാവ് സ്‌കൂളിലെ എസ്.പി.സി കേഡറ്റുകള്‍. ലഹരിക്കെതിരെ പോസ്റ്റര്‍ നിര്‍മ്മാണം, റീല്‍സ് മത്സരങ്ങളിലാണ് പൊയില്‍ക്കാവ് ഒന്നാമതെത്തിയത്.

റീല്‍സില്‍ പി.എം.കൃഷ്ണ, വി.എസ്.വേദ, ജെ.എസ്.ജുവല്യ എന്നീ വിദ്യാര്‍ത്ഥികളും പോസ്റ്റര്‍ നിര്‍മ്മാണത്തില്‍ നിഹാരിക രാജുവുമാണ് ഒന്നാം സഥാനം നേടി സ്‌കൂളിന് അഭിമാന നേട്ടം നല്‍കിയത്. മജീഷ്യനും പ്രഭാഷകനുമായ സാബു കീഴരിയൂരാണ് റീല്‍സിനായി കുട്ടികള്‍ക്ക് പരിശീലനം നല്‍കിയത്.

മൂന്ന് വിദ്യാര്‍ത്ഥിനികളും കീഴരിയൂര്‍ സ്വദേശികള്‍ ആണെന്നതും പ്രത്യേകത ആണ്. ചിത്രകലയില്‍ നിഹാരികക്ക് പരിശീലനം നല്‍കിയത് സ്‌കൂളിലെ തന്നെ ചിത്രകല അധ്യാപകന്‍ ആയ സുരേഷ് ഉണ്ണി ആണ്. റിപ്പബ്ലിക് ദിനത്തില്‍ പ്രഖ്യാപിക്കപ്പെട്ട ഈ വിജയത്തിന്റെ ആവേശത്തില്‍ ആണ് വിദ്യാര്‍ത്ഥികളും, അധ്യാപകരും രക്ഷിതാക്കളും.