പൗരത്വ നിയമം നിലവില്‍ വന്നു; ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം


ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി നടപ്പാക്കികൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ആറ് ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ള നടപടികള്‍ ആണ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. പൗരത്വത്തിനുള്ള അപേക്ഷകള്‍ ഉടന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്വീകരിച്ചുതുടങ്ങുമെന്നാണ് സൂചന.

ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സി.എ.എ നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു. 2019 ഡിസംബറിലാണ് പൗരത്വ ഭേദഗതി നിയമം ലോക്‌സഭ പാസ്സാക്കിയത്. 2020 ജനുവരി 10-ന് നിയമം നിലവില്‍വന്നെങ്കിലും ചട്ടങ്ങള്‍ രൂപവത്കരിക്കാത്തതിനാല്‍ നടപ്പാക്കിയിരുന്നില്ല. 2014 ഡിസംബര്‍ 31-ന് മുമ്പ് ഇന്ത്യയില്‍ എത്തിയവര്‍ക്കാണ് പൗരത്വത്തിനായി അപേക്ഷ നല്‍കാന്‍ കഴിയുകയെന്നാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്.

പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയില്‍ എത്തിയ ഹിന്ദു, സിഖ്, ജെയിന്‍, ക്രിസ്ത്യന്‍, ബുദ്ധ, പാര്‍സി മതവിശ്വാസികള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള നിയമഭേദഗതിയാണ് പാര്‍ലമെന്റ് പാസ്സാക്കിയിരുന്നത്.