വീതി 24 മീറ്റര്‍, ട്രക്കുകള്‍ നിര്‍ത്തിയിടാനായി വലിയ ലൈന്‍; ദേശീയപാതാ ബൈപ്പാസില്‍ ചെങ്ങോട്ടുകാവില്‍ അടിപ്പാത നിര്‍മ്മാണം പുരോഗമിക്കുന്നു


കൊയിലാണ്ടി: ദേശീയപാതയിലെ ചെങ്ങോട്ടുകാവ്-നന്തി ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി ചെങ്ങോട്ടുകാവ് മേല്‍പ്പാലത്തിന് സമീപം അടിപ്പാത നിര്‍മ്മാണം പുരോഗമിക്കുന്നു. ദേശീയപാത ആറ് വരിയാക്കി വികസിക്കുമ്പോള്‍ 24 മീറ്ററാണ് അടിപ്പാതയുടെ വീതി.

ചെങ്ങോട്ടുകാവ് മേല്‍പ്പാലത്തിന്റെ തെക്കുഭാഗത്താണ് അടിപ്പാത വരുന്നത്. നിലവിലെ ദേശീയപാതയുടെ തൊട്ടടുത്തായി നിര്‍മ്മിക്കുന്ന അടിപ്പാതയ്ക്കടുത്ത് ദീര്‍ഘദൂര ട്രക്കുകള്‍ നിര്‍ത്തിയിടാനായി വലിയ ട്രക്ക് ലൈനും നിര്‍മ്മിക്കും.

ബൈപ്പാസ് എത്തിച്ചേരുന്ന നന്തിയിലും അടിപ്പാത നിര്‍മ്മിക്കുന്നുണ്ട്. ഇതിന്റെ നിര്‍മ്മാണം നേരത്തേ ആരംഭിച്ചിരുന്നു. ഈ രണ്ട് അണ്ടര്‍പാസുകള്‍ ഉള്‍പ്പെടെ ദേശീയപാതയില്‍ അഴിയൂര്‍ മുതല്‍ വെങ്ങളം വരെ പത്ത് അടിപ്പാതകളാണ് നിര്‍മ്മിക്കുന്നത്.

കൊല്ലം-നെല്യാടി റോഡ്, ആനക്കുളം-മുചുകുന്ന് റോഡ്, മൂടാടി-ഹില്‍ബസാര്‍ റോഡ് എന്നിവിടങ്ങളിലാണ് കൊയിലാണ്ടിയില്‍ അടിപ്പാത നിര്‍മ്മിക്കുന്നത്. കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാന പാതയെ മുറിച്ച് കടന്നുകൊണ്ട് ബൈപ്പാസ് കടന്നുപോകുന്നത് തുരങ്കത്തിലൂടെയാണ്.