‘നീയങ്ങനെ മറച്ചുവെച്ചാലും ഞാന്‍ കാണാതെ പോകുമോ….ഉള്ളില്‍ അത്രമാത്രം ഇവന് എന്നെ സ്വീകരിച്ചുണ്ടാവും ലേ’; കുഞ്ഞ് നവദേവിനെ ചേര്‍ത്ത്പിടിച്ച് മുത്തപ്പന്, ഹൃദ്യം ഈ കാഴ്ച
കരിവെള്ളൂര്‍: ‘നീയങ്ങനെ മറച്ചുവെച്ചാലും ഞാന്‍ കാണാതെ പോകുമോ…..മുത്തപ്പന്റെ ചോദ്യത്തിന് മുന്നില്‍ കണ്ണീരണഞ്ഞു നില്ക്കുന്ന കുട്ടിയുടെയും അമ്മൂമ്മയുടെയും ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. പുത്തൂര്‍ നാറോത്തും ചാല് മുണ്ട്യ ക്ഷേത്രത്തിന് സമീപം കീനേരി നളിനിയുടെ വീട്ടിലെ മുത്തപ്പന് വെള്ളാട്ടിനിടെയാണ് കണ്ടുനിന്നവരെയെല്ലാം കണ്ണീരണിയച്ച രംഗങ്ങളുണ്ടായത്.
അയല്പക്കത്ത് മുത്തപ്പന് വെള്ളാട്ടമുണ്ടെന്നറിഞ്ഞ് അമ്മൂമ്മ ഓമനയ്ക്കൊപ്പം എത്തിയതായിരുന്നു രണ്ടാം ക്ലാസുകാരന് നവദേവ്. പോകുമ്പോള്‍ വെള്ളാട്ടമുണ്ടെന്നറിഞ്ഞ് ക്രയോണ്‍ കൊണ്ട് വരച്ച മുത്തപ്പന്റെ ചിത്രവും ഹൃദയത്തോട് ചേര്ത്ത്പ്പിടിച്ചിരുന്നു. വെള്ളാട്ടിനിടെ താന്‍ വരച്ച പേപ്പറിലെ മുത്തപ്പനും മുന്നിലുള്ള മുത്തപ്പനും ഒരുപോലെയാണോയെന്ന് ഇടയ്ക്കിടെ ചിത്രമെടുത്ത് നോക്കുന്നുണ്ടായിരുന്നു നവദേവ്. അത് കോലധാരി വെള്ളച്ചാലിലെ സനീഷ് പണിക്കരുടെ ശ്രദ്ധയില്‍പെട്ടിരുന്നു.
വെള്ളാട്ട് കഴിഞ്ഞ് മുത്തപ്പന്റെ അടുത്തെത്തിയപ്പോഴാണ് നവദേവിന്റെ കൈയിലെ ചിത്രം മുത്തപ്പന് വാങ്ങിയത്. പിന്നാലെ നീ അങ്ങനെ മറച്ചുവെച്ചാലും ഞാന്‍ കാണാതെ പോകുമോയെന്ന് ചോദിച്ചു. മാത്രമല്ല എന്നെയിങ്ങനെ വരക്കാന്‍ ഉള്ളില്‍ നീ എന്നെ എത്രമാത്രം സ്വീകരിച്ചിട്ടുണ്ടാകുമെന്ന് ചോദിച്ചതോടെ നവദേവ് കരഞ്ഞു. ഇതോടെ കോലധാരിയും ചുറ്റിലും കൂടി നിന്നവരും അവനെ ആശ്വസിപ്പിച്ചു. ഇത്രയും മൂല്യമുള്ളതിന് പകരമൊന്നും തരാന്‍ എന്റെ കൈയിലില്ലെന്ന് പറഞ്ഞ് ഇനിയും വരക്കാന്‍ തൊഴുത് വരവില്‍ നിന്നും ക്രയോണ്‍ വാങ്ങാന്‍ പണം നല്കി നവദേവിനെ മുത്തപ്പന് അനുഗ്രഹിച്ചു.
പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പി.വി. വിലാസിന്റെയും പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ ഒ. ഷൈമയുടെയും മകനാണ് നവദേവ്.