ജാമ്യമില്ലെന്ന ഉത്തരവ് തളര്‍ത്തി; പ്രതിക്കൂട്ടില്‍ തളര്‍ന്ന് ഇരുന്ന് ബോബി ചെമ്മണ്ണൂര്‍


കൊച്ചി: നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ റിമാൻഡിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ദേഹാസ്വാസ്ഥ്യം. ജാമ്യമില്ലെന്ന ഉത്തരവ് വന്നതിന് പിന്നാലെ രക്തസമ്മര്‍ദ്ദം ഉയര്‍ന്ന് ദേഹാസ്യാസ്ഥ്യമുണ്ടാവുകയായിരുന്നു. ഉത്തരവ് കേട്ടശേഷം ബോബി ചെമ്മണ്ണൂര്‍ പ്രതിക്കൂട്ടില്‍ തളര്‍ന്നിരുന്നു. റിമാന്‍ഡ് ചെയ്യുകയാണെന്ന ഭാഗം വായിച്ചുതുടങ്ങിയപ്പോഴാണ് ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചത്‌. ഉടന്‍ തന്നെ ബോബിയെ ആശുപത്രിയിലേക്ക് മാറ്റിയേക്കും.

ലൈം​ഗികാധിക്ഷേപ പരാതിയെ തുടർന്ന് അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ ഇന്ന് 12 മണിയോടെയാണ് കോടതിയിൽ ഹാജരാക്കിയത്. മുതിർന്ന അഭിഭാഷകൻ അഡ്വ.ബി.രാമന്‍പിള്ളയാണ് ബോബിക്കായി കോടതിയില്‍ ഹാജരായത്‌. സ്ത്രീത്വത്തെ അപമാനിച്ചതിന് ഭാരതീയ ന്യായസംഹിതയിലെ 75ാം വകുപ്പ്, ഇലക്ട്രോണിക് മാധ്യമത്തിലൂടെ അശ്ലീല പരാമർശം നടത്തുന്നതിന് ഐ.ടി ആക്ടിലെ 67ാം വകുപ്പ് എന്നിവ പ്രകാരമാണ് ബോബി ചെമ്മണൂരിനെതിരെ കേസെടുത്തത്.

അതേ സമയം ബോബി ചെമ്മണ്ണൂരിനെ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തതിന് പിന്നാലെ നടി ഹണി റോസ് വിഷയത്തില്‍ പ്രതികരിച്ചു. ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും നേരത്തെ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് പറയാനുള്ളതെന്നും നിയമം അതിന്‍റെ വഴിക്ക് നടക്കട്ടെയെന്നുമാണ് നടി പ്രതികരിച്ചത്‌.