കൊയിലാണ്ടി നഗരം മുതല്‍ പൊലീസ് സ്റ്റേഷന്‍വരെ പ്രതിഷേധ പ്രകടനവുമായി ബസ് തൊഴിലാളികള്‍; മിന്നല്‍ പണിമുടക്കില്‍ വലഞ്ഞ് യാത്രക്കാര്‍


കൊയിലാണ്ടി: മിന്നല്‍ പണിമുടക്കിന് പിന്നാലെ കൊയിലാണ്ടി നഗരത്തില്‍ പ്രതിഷേധ പ്രകടനവുമായി ബസ് ജീവനക്കാര്‍. രാവിലെ പത്തുമണിയോടെ കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം കൊയിലാണ്ടി പൊലീസ് സ്റ്റേഷന്‍ നീണ്ടതോടെ നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.

മേപ്പയ്യൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ് ജീവനക്കാരനായ ഗിരീഷിനെ പൊലീസ് മര്‍ദ്ദിച്ചെന്നാരോപിച്ചാണ് ബസ് ജീവനക്കാര്‍ പണിമുടക്ക് നടത്തുന്നത്. കൊയിലാണ്ടിയില്‍ നിന്നും വടകര, കോഴിക്കോട്, പേരാമ്പ്ര, മേപ്പയ്യൂര്‍, മുചുകുന്ന് ഭാഗത്തേക്ക് പോകുന്ന സ്വകാര്യബസുകളെല്ലാം സര്‍വ്വീസ് നിര്‍ത്തിവെച്ചിട്ടുണ്ട്.

ബസ് ജീവനക്കാരുടെ സമരം യാത്രക്കാരെ ഏറെ വലച്ചു. കോഴിക്കോട്-കണ്ണൂര്‍ റൂട്ടിലോടുന്ന ദീര്‍ഘദൂര ബസുകള്‍ മാത്രമാണ് യാത്രക്കാര്‍ക്ക് ആശ്രയമായുള്ളത്. ഇതിലാകട്ടെ രാവിലെ മുതല്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്ന് ശനിയാഴ്ചയാണെങ്കിലും സ്‌കൂളുകള്‍ക്ക് പ്രവൃത്തി ദിനമാണ്. അതിനാല്‍ വിദ്യാര്‍ഥികളും ജോലിയ്ക്കായി പോകുന്നവരുമടക്കം വലിയൊരു വിഭാഗം ആളുകളാണ് മിന്നല്‍ പണിമുടക്ക് കാരണം പ്രതിസന്ധിയിലായത്.

പണിമുടക്കിനൊപ്പം പ്രതിഷേധ പ്രകടനത്തിന്റെ ഭാഗമായി നഗരത്തിലുണ്ടായ ഗതാഗതക്കുരുക്കും യാത്രക്കാരെ വലച്ചു. ബസില്ലാത്തതിനാല്‍ സ്വകാര്യ വാഹനങ്ങള്‍ ഇന്ന് കൂടുതലായി നിരത്തിലിറങ്ങിയിട്ടുണ്ട്. കനത്ത മഴയും ജീവനക്കാരുടെ പ്രതിഷേധ പ്രകടനവും കൂടിയായപ്പോള്‍ ബസ് സ്റ്റാന്റ് മുതല്‍ ഏതാണ്ട് കൊല്ലം വരെയുള്ള ഭാഗത്ത് വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു.