കോഴിക്കോട്-കണ്ണൂര്‍ റൂട്ടില്‍ ഇന്നും സ്വകാര്യ ബസുകള്‍ ഓടുന്നില്ല; ജീവനക്കാരുടെ തൊഴില്‍ ബഹിഷ്‌കരണം അനിശ്ചിതകാലത്തേക്ക്
കൊയിലാണ്ടി: കോഴിക്കോട് – കണ്ണൂര്‍ റൂട്ടില്‍ ഒരു വിഭാഗം സ്വകാര്യ ബസ് ജീവനക്കാര്‍ പ്രഖ്യാപിച്ച ബസ് സമരം ഇന്നും തുടരുന്നു. ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ദീര്‍ഘദൂര ബസുകള്‍ ഏതാണ്ട് മുഴുവനായി തൊഴില്‍ ബഹിഷ്‌കരണത്തിന്റെ ഭാഗമായി സര്‍വ്വീസ് നടത്തുന്നില്ല.
വടകര – കൊയിലാണ്ടി റൂട്ടില്‍ ചുരുക്കം ബസുകളാണ് ഇന്നലെ സര്‍വ്വീസ് നടത്തിയത്. കൊയിലാണ്ടിയില്‍ നിന്നും കോഴിക്കോട് പോകുന്ന ബസുകളും സര്‍വ്വീസ് നടത്തുന്നുണ്ട്. ഇതോടെ യാത്രക്കാര്‍ വലഞ്ഞിരിക്കുകയാണ്. സ്ഥിരമായി പോവുന്ന ബസിനെ കാത്ത് നില്‍ക്കുന്നവര്‍ക്ക് ബസ് ഇല്ലാത്തത് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. എങ്കിലും ഇന്ന് സമരം പ്രതീക്ഷിച്ചിരുന്നതിനാല്‍ പലരും നേരത്തെ തന്നെ ട്രെയിനിനെ ആശ്രയിച്ചിട്ടുണ്ട്.
സ്‌കൂളുകള്‍ അവധിയായതിനാല്‍ വലിയ തോതിലുള്ള പ്രയാസങ്ങള്‍ ഇന്നലെ ഉണ്ടായിരുന്നില്ല. അതേസമയം, ബസ് ഇല്ലാത്തതിനാല്‍ ദീര്‍ഘദൂരയാത്രയ്ക്ക് ഇരുചക്രവാഹനം ഉപയോഗിക്കുകയെന്നത് നിലവിലെ സാഹചര്യത്തില്‍ പ്രയാസമാണ്. കനത്ത മഴയെ തുടര്‍ന്ന് റോഡില്‍ പലയിടത്തും വെള്ളക്കെട്ടാണ്. കുഴികളും, ഡ്രെയ്‌നേജ് സ്ലാബ് പൊട്ടിയതുമൊന്നും കാണാന്‍ കഴിയില്ലെന്നതിനാല്‍ ഇരുചക്രവാഹനങ്ങളില്‍ ദേശീയപാതവഴിയുള്ള യാത്ര അത്യന്തം അപകടകരമാണ്.
കഴിഞ്ഞ ദിവസമാണ് സ്വകാര്യ ബസ് ജീവനക്കാര്‍ സോഷ്യല്‍മീഡിയ വഴി ബസ് തൊഴില്‍ ബഹിഷ്‌ക്കരണം പ്രഖ്യാപിച്ചത്. കുണ്ടും കുഴിയും വെള്ളക്കെട്ടും നിറഞ്ഞ ദേശീയപാതയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക, മടപ്പള്ളിയില്‍ റോഡ് മുറിച്ചു കടക്കുകയായിരുന്ന വിദ്യാര്‍ത്ഥിനികളെ ബസ് ഇടിച്ച സംഭവത്തില്‍ ബസ് ഡ്രൈവറുടെ ലൈസന്‍സ് ആജീവനാന്തം വിലക്കിയ നടപടി പുന:പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാര്‍ തൊഴില്‍ ബഹിഷ്‌ക്കരണം പ്രഖ്യാപിച്ചത്. വരുംദിവസങ്ങളിലും ഇതേനിലയില്‍ തൊഴില്‍ ബഹിഷ്‌കരണവുമായി മുന്നോട്ടുപോകുമെന്നാണ് ജീവനക്കാര്‍ പറയുന്നത്.
എന്നാല്‍ മുന്‍കൂറായോ നോട്ടീസ് നല്‍കുകയോ സംഘടനകളുമായോ അതിന്റെ കോഡിനേഷനുകളുമായോ ഒന്നും ചര്‍ച്ച നടത്താതെയാണ് ജീവനക്കാര്‍ സോഷ്യല്‍മീഡിയ വഴി തൊഴില്‍ ബഹിഷ്‌ക്കരണം പ്രഖ്യാപിച്ചത് എന്നാണ് തൊഴിലാളി സംഘടനകള്‍ പറയുന്നത്. അതുകൊണ്ടുതന്നെ അത്തരത്തിലുള്ള തൊഴില്‍ ബഹിഷ്‌ക്കരണം അംഗീകരിക്കാനാവില്ലെന്നാണ് സംഘടനകള്‍ വ്യക്തമാക്കിയിരുന്നു.