ഓട്ടോറിക്ഷാ സമാന്തര സര്‍വ്വീസിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം: കൊയിലാണ്ടി-മുത്താമ്പി-അരിക്കുളം റൂട്ടുകളില്‍ ബസ് ജീവനക്കാരുടെ സൂചനാ പണിമുടക്ക് പുരോഗമിക്കുന്നു
കൊയിലാണ്ടി: ഓട്ടോറിക്ഷാസമാന്തര സര്‍വ്വീസിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കൊയിലാണ്ടിയില്‍ നിന്നും വിവിധ റൂട്ടിലോടുന്ന ബസ്സുകള്‍ നടത്തിയ സൂചനാപണിമുടക്ക് പുരോഗമിക്കുന്നു. കൊയിലാണ്ടി-പേരാമ്പ്ര, കൊയിലാണ്ടി- നടുവണ്ണൂര്‍, കൊയിലാണ്ടി- അണേലക്കടവ്, കൊയിലാണ്ടി-കീഴരിയൂര്‍ (വഴി മുത്താമ്പി, അരിക്കുളം, ഊരള്ളൂര്‍, മന്ദങ്കാവ് പാറക്കുളങ്ങര, നൊച്ചാട്,അഞ്ചാംപീടിക, നടുവത്തൂര്‍ ) റൂട്ടുകളിലോടുന്ന ബസാണ് പണിമുടക്കുന്നത്.
ഓട്ടോ സമാന്തരസര്‍വീസ് ബസ് സര്‍വ്വീസിനെ കാര്യമായി ബാധിക്കുന്നത് സംബന്ധിച്ച് ജില്ലാ കലക്ടര്‍, ഡി.ടി.സി. എസ്.പി വടകര, ജോയിന്റ് ആര്‍.ടി.ഒ കൊയിലാണ്ടി, പേരാമ്പ്ര, കൊയിലാണ്ടി സി.ഐ എന്നിവര്‍ക്ക് ഒരു മാസത്തിലധികമായി നേരിട്ട് പരാതി നല്‍കിയിട്ടും ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഇതിനാലാണ് പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങിയതെന്നും ബസ് ജീവനക്കാര്‍ പറഞ്ഞു. ഭാരിച്ച സാമ്പത്തിക ബാധ്യത മൂലം ടാക്സ്, ഇന്‍ഷൂറന്‍സ്, മറ്റ് മെയിന്റനന്‍സ് എന്നീ ചിലവുകള്‍ കാരണം ബസ്സ് സര്‍വ്വീസ് നടത്തി കൊണ്ടുപോവാന്‍ പറ്റാത്ത അവസ്ഥയാണ് ഉള്ളതെന്നും ഓട്ടോ സമാന്തരസര്‍വ്വീസ് കാരണം വരുമാനത്തില്‍ ഗണ്യമായ കുറവാണ് ഉള്ളതെന്നുമാണ് ബസ്സ് തൊഴിലാളികള്‍ പറയുന്നു.
ബസ് സമരം ഈ റൂട്ടിലേക്ക് പോകേണ്ട യാത്രക്കാരെ ഏറെ ബാധിച്ചിട്ടുണ്ട്. പേരാമ്പ്ര, നടുവണ്ണൂര്‍ ഭാഗത്തുനിന്നും കൊയിലാണ്ടിയിലേക്ക് വരുന്നവര്‍ ഉള്ള്യേരിയിലെത്തി അവിടെയിറങ്ങി കൊയിലാണ്ടിയിലേക്ക് വരികയാണ് ചെയ്യുന്നത്. ഇടയിലുള്ള ഭാഗങ്ങളില്‍ നിന്നുംവരുന്നവരാണ് ഏറെ പ്രയാസപ്പെടുന്നത്. സ്‌കൂള്‍ വിദ്യാര്‍ഥികളും ബുദ്ധിമുട്ട് നേരിട്ടിരുന്നു. സമാന്തര സര്‍വ്വീസിനെതിരെ നടപടി ഉണ്ടായിട്ടില്ലെങ്കില്‍ അനിശ്ചിത പണിമുടക്കിലേക്ക് നീങ്ങേണ്ടിവരുമെന്ന് ബസ് ഓപ്പറേറ്റര്‍മാരുടെയും തൊഴിലാളികളുടെയും സംയുക്ത യോഗം തീരുമാനിച്ചിട്ടുണ്ട്.
Summary: bus strike in koyilandy muthambi arikkulam route