താമരശ്ശേരിയില്‍ ബസ്സും ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ എലത്തൂര്‍ സ്വദേശി മരിച്ചു, 12 പേര്‍ക്ക് പരിക്ക്


താമരശ്ശേരി: താമരശ്ശേരിയില്‍ ബസ്സും ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എലത്തൂര്‍ സ്വദേശി മരിച്ചു. മുഹമ്മദ് മസൂദ് (34) ആണ് മരണപ്പെട്ടത്. കെ.എസ്.ആര്‍.ടി.സി ബസ്സിനും ലോറിക്കും ഇടയില്‍ കുടുങ്ങി കാറ് പൂര്‍ണമായും തകര്‍ന്നിരുന്നു. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു.

ലോറിയെ മറികടക്കാന്‍ ശ്രമിച്ച കാര്‍ ബസ്സിനും, ലോറിക്കും ഇടയില്‍ കുടുങ്ങുകയായിരുന്നു. ഡ്രൈവര്‍ ഉള്‍പ്പടെ കാറില്‍ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. സാരമായി പരിക്കേറ്റ ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. അപകടത്തില്‍ ലോറി മറിഞ്ഞു വീണു. ലോറിയിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

കെഎസ്ആര്‍ടിസി ബസ്സില്‍ നിന്ന് പുറത്തേക്ക് തെറിച്ചു വീണ് ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സമീപത്തെ കടവരാന്തയിലേക്ക് നീങ്ങിയ ബസ് ഡ്രൈവര്‍ റോഡില്‍ നിന്ന് ചാടിക്കയറി ഹാന്റ് ബ്രേക്ക് ഇട്ട് നിര്‍ത്തിയതിനാല്‍ വലിയ ദുരന്തം ഒഴിവാകുയായിരുന്നു.

കാര്‍ യാത്രക്കാരായ അബുബക്കര്‍ സിദ്ദീഖ്, ഷഫീര്‍, എന്നിവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പരിക്കേറ്റ ബസ് യാത്രക്കാരായ ധന്യ കരികുളം, സില്‍ജ വെണ്ടേക്കുംചാല്‍ ചമല്‍, മുക്ത (12) ചമല്‍, ചന്ദ്ര ബോസ് (48) ചമല്‍, ലുബിന ഫര്‍ഹത്ത് കാന്തപുരം, നൗഷാദ് കാന്തപുരം, അഫ്‌സത്ത് പിണങ്ങോട് വയനാട്,കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ വിജയകുമാര്‍, കണ്ടക്ടര്‍ സിജു എന്നിവര്‍ താമരശ്ശേരി താലൂക്ക് ആശുപത്രിയിലാണ്.