കയറിൽ കെട്ടി ഉയർത്തുമ്പോൾ പേടിച്ച് വിറച്ചു, കരയ്ക്കെത്തിയപ്പോൾ കുതറിയോടാൻ ശ്രമം; തിരുവങ്ങൂരിൽ നിർമ്മാണത്തിലിരിക്കുന്ന കിണറിൽ വീണ പോത്തിനെ രക്ഷിക്കുന്ന വീഡിയോ കാണാം


കൊയിലാണ്ടി: പണി നടക്കുന്ന കിണറിൽ വീണപ്പോൾ തന്നെ ആ പോത്ത് പേടിച്ചരണ്ടിരുന്നു. കിണറിന് ചുറ്റും അപരിചിതരായ കുറേ പേരെ കണ്ടതോടെ ആ ഭയം ഇരട്ടിച്ചു. പിന്നെ ഒരാൾ കിണറിലിറങ്ങി കയറിട്ട് കെട്ടിയതോടെ വന്നത് തന്റെ ശത്രുക്കൾ തന്നെയെന്ന് പോത്ത് ഉറപ്പിച്ചു!

തിരുവങ്ങൂർ കുനിയിൽക്കടവിൽ നിർമ്മാണത്തിലിരിക്കുന്ന കിണറിൽ വീണ പോത്തിനെ കൊയിലാണ്ടിയിൽ നിന്നെത്തിയ ഫയർ ഫോഴ്സ് സംഘം രക്ഷിക്കുമ്പോൾ കണ്ട രസകരമായ കാഴ്ചയാണ് ഇത്. രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് ലഭിച്ചു. ഇതിന്റെ വീഡിയോ വാർത്തയുടെ അവസാന ഭാഗത്ത് കാണാം.

പാണ്ടികശാല നിസാറിന്റെ പോത്താണ് പണി നടന്നു കൊണ്ടിരിക്കുകയായിരുന്ന കിണറിൽ ഇന്ന് വൈകുന്നേരം നാലരയോടെ വീണത്. വിവരം ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്ന് ഫയർ ഫോഴ്സ് യൂണിറ്റ് സ്ഥലത്തേക്ക് തിരിച്ചു. സ്റ്റേഷൻ ഓഫീസർ സി.പി.ആനന്ദന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനത്തിനായി പോയത്.

ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശ്രീകാന്ത് .കെ കിണറ്റിൽ ഇറങ്ങി ബെൽറ്റ് ഉപയോഗിച്ച് പോത്തിനെ കെട്ടി. തുടർന്ന് മറ്റ് സേനാംഗങ്ങൾ പോത്തിനെ കിണറിൽ നിന്ന് വലിച്ചു കയറ്റുകയായിരുന്നു.

ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പ്രദീപ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ടി.പി.ഷിജു, ബിനീഷ് .കെ, രാകേഷ് .പി.കെ, നിധിൻരാജ്, ഹോം ഗാർഡുമാരായ ബാലൻ .ടി.പി, പ്രദീപ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

വീഡിയോ കാണാം: