ക്ഷീര വികസനം, സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങിയ മേഖലകള്‍ക്ക്‌ പ്രാധാന്യം; പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 സാമ്പത്തികവർഷത്തെ ബജറ്റ് അവതരിപ്പിച്ചു


പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 സാമ്പത്തികവർഷത്തെ ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ് സി.കെ പാത്തുമ്മ ടീച്ചര്‍ അവതരിപ്പിച്ചു. സ്വയം തൊഴിൽ സംരംഭങ്ങൾ, ക്ഷീര വികസനം, ശുചിത്വം, ഭവന നിർമ്മാണം, വനിതാശിശുക്ഷേമം, നെൽകൃഷി എന്നീ മേഖലകൾക്ക് പ്രാധാന്യം നൽകിയാണ് ബജറ്റ് അവതരിപ്പിച്ചത്.

21.07 കോടി രൂപ വരവും 20.53 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. കാർഷികമേഖലക്ക് 75 ലക്ഷം, വനിതാ ശാക്തീകരണം 39 ലക്ഷം, കോളനി നവീകരണം, കുടിവെള്ള പദ്ധതി എന്നിവയ്ക്കായി ഒരു കോടി, പേരാമ്പ്ര ഗവ. താലൂക്ക് ആശുപത്രി വികസനത്തിനായി 65 ലക്ഷം, സ്വീവേജ് പ്ലാൻ്റിന് 65 ലക്ഷം, എ.ബി.സി സെൻ്ററിന് 15 ലക്ഷം രൂപ എന്നിങ്ങനെയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്‌.

ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.കാദർ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് എൻ.പി ബാബു അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.