ബജറ്റ് പ്രഖ്യാപനം വന്നതിനു പിന്നാലെ പൊലീസ് സ്റ്റേഷന് നിര്‍മ്മിക്കാനുള്ള നടപടികള്‍ വേഗത്തിലാകുമെന്ന് എം.എല്‍.എ; ഇനിയെങ്കിലും ഈ അസൗകര്യങ്ങളില്‍ നിന്ന് മോചിതരാകുമെന്ന പ്രതീക്ഷയില്‍ കൊയിലാണ്ടി പൊലീസ് സ്റ്റേഷന്
കൊയിലാണ്ടി: സംസ്ഥാന ബജറ്റില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ മൂന്നുകോടി രൂപ അനുവദിച്ചതോടെ ഇനിയെങ്കിലും സൗകര്യത്തോടെ ജോലി ചെയ്യാമെന്ന ആശ്വാസത്തിലാണ് കൊയിലാണ്ടി പൊലീസ്. സ്റ്റേഷനിലെ ജീവനക്കാരുടെയും ഇവിടേക്ക് വരുന്ന പരാതികളുടെയും എണ്ണവും സ്റ്റേഷന്റെ പരിധിയുമൊക്കെ പരിഗണിച്ച് കുറേക്കൂടി സൗകര്യപ്രദവും സുരക്ഷിതവുമായ കെട്ടിടം എന്ന ആവശ്യം എം.എല്‍.എ അടക്കമുള്ള ജനപ്രതിനിധികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ബജറ്റ് പ്രഖ്യാപനം വന്നതോടെ ഈ ശ്രമങ്ങള്‍ ഫലം കണ്ടിരിക്കുകയാണ്.
പൊലീസ് സ്റ്റേഷന് തുക അനുവദിച്ചുകൊണ്ടുള്ള ബജറ്റ് പ്രഖ്യാപനം വന്നതിനു പിന്നാലെ തന്നെ എസ്റ്റിമേറ്റ് വേഗത്തില്‍ തയാറാക്കി ഭരണാനുമതിയടക്കമുള്ള കാര്യങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കാനത്തില്‍ ജമീല ഉറപ്പുനല്‍കിയിട്ടുണ്ട്. അതിനാല്‍ എത്രയും പെട്ടെന്ന് ഇത് യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് കൊയിലാണ്ടിക്കാര്‍.
പുതിയ കെട്ടിടം വരുന്നതോടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കുറേക്കൂടി സുഗമമാകുമെന്ന് സി.ഐ സുനില്‍കുമാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. എഴുപതോളം ജീവനക്കാരാണ് നിലവില്‍ സ്റ്റേഷനിലുള്ളത്. പുതിയ കെട്ടിടത്തിന് തുക അനുവദിച്ചതറിഞ്ഞ് എല്ലാവരും സന്തോഷത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
കൊയിലാണ്ടി നഗരസഭ, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്, കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത്, മൂടാടി ഗ്രാമപഞ്ചായത്ത് എന്നിവ പൂര്‍ണ്ണമായും തിക്കോടി, അരിക്കുളം ഗ്രാമപഞ്ചായത്തുകള്‍ ഭാഗികമായും ഉള്‍പ്പെടുന്നതാണ് കൊയിലാണ്ടി പൊലീസ് സ്റ്റേഷന്റെ പരിധി. ജില്ലയുടെ ഏതാണ്ട് മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന സുപ്രധാനമായ ഈ പൊലീസ് സ്റ്റേഷനാണിത്. ദേശീയപാത, റെയില്‍വേ സ്റ്റേഷന്, ഫിഷിങ് ഹാര്‍ബര്‍ തുടങ്ങിയ തിരക്കേറിയ പ്രദേശങ്ങള്‍ ഈ സ്റ്റേഷന് പരിധിയില്‍ വരുന്നുണ്ട്. ദിവസം ശരാശരി അന്‍പതിലേറെ പരാതികളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്യുന്നത്. അതില്‍ പലതും ഗുരുതര സ്വഭാവമുള്ളതുമാണ്. കഴിഞ്ഞ വര്‍ഷം 1313 ക്രിമിനല്‍ കേസുകളാണ് കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തത്. ഇക്കാലയളവില്‍ 2500 ലേറെ പരാതികളും ലഭിച്ചു. എഴുപതിലേറെ ജീവനക്കാരാണ് ഈ സ്റ്റേഷനിലുള്ളത്.
ജില്ലയിലെ സുപ്രധാന പൊലീസ് സ്റ്റേഷനുകളിലൊന്നായിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാത്ത ഓഫീസ് കെട്ടിടത്തിലാണ് സ്റ്റേഷന് പ്രവര്‍ത്തിച്ചിരുന്നത് എന്നത് വലിയ വെല്ലുവിളിയായിരുന്നു. 2006 മുതല്‍ മിനി സിവില്‍ സ്റ്റേഷന് എതിര്‍വശത്തുള്ള കെട്ടിടത്തിലാണ് സ്റ്റേഷന്. ഇതാകട്ടെ രണ്ട് ഫാമിലി ക്വാട്ടേഴ്സുകള്‍ സംയോജിപ്പിച്ച് രൂപപ്പെടുത്തിയതായിരുന്നു. എഴുപതിലേറെ ജീവനക്കാരുള്ള സ്ഥാപനത്തെ സംബന്ധിച്ച് ഇരിക്കാന്‍ പോയിട്ട് നില്ക്കാന്പോലും സ്ഥലമില്ലാത്ത അവസ്ഥ.
പരാതി നല്‍കാനെത്തുന്ന ജനങ്ങള്‍ പി.ആര്.ഒ ഇരിക്കുന്ന ഇടുങ്ങിയ മുറിക്ക് ചുറ്റും ഊഴം കാത്ത് തിങ്ങി നില്‍ക്കേണ്ട അവസ്ഥയാണ്. ഇതിനു പുറമേ പൊളിഞ്ഞുവീഴാറായ ക്വാര്‍ട്ടേഴ്സ് കെട്ടിടങ്ങള്‍ അപകടസാധ്യത പോലും ഉണ്ടാക്കുന്നതാണ്. രണ്ട് ക്വാട്ടേഴ്സകളുള്ളതില് രണ്ടെണ്ണത്തിന്റെയും കാലാവധി കഴിഞ്ഞതാണ്. ഇത് പൊളിച്ചശേഷം ആ സ്ഥാനത്താകും പുതിയ കെട്ടിടം പണിയുക.
കെട്ടിടത്തിന്റെ അസൗകര്യങ്ങള്‍ സ്റ്റേഷന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ പോലും ബാധിക്കുന്ന സാഹചര്യത്തിലാണ് പുതിയ കെട്ടിടം എന്ന ആവശ്യം ശക്തമായത്. ബജറ്റ് വന്നതോടെ നിലവിലെ കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റി വിശാലമായ സൗകര്യങ്ങളുള്ള പുതിയ പൊലീസ് സ്റ്റേഷന് കെട്ടിടവും ക്വാര്‍ട്ടേഴ്സുകളും നിര്‍മ്മിക്കാനുള്ള വഴിയൊരുങ്ങിയിരിക്കുകയാണ്. വലിയ ഓഫീസ്, പൊതുജനങ്ങള്‍ക്ക് സ്റ്റേഷനില്‍ കാത്തിരിപ്പിനായുള്ള സ്ഥലം, കൂടുതല്‍ പൊലീസുകാര്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള ക്വാര്‍ട്ടേഴ്സ് തുടങ്ങിയ വിവിധ സൗകര്യങ്ങള്‍ സ്റ്റേഷന് നവീകരണത്തിലൂടെ സാധ്യമാകുമെന്നാണ് പ്രതീക്ഷ.