കോഴിക്കോട് കൂളിമാട് കടവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലത്തിന്റെ ബീമുകള്‍ തകര്‍ന്നുവീണു



കോഴിക്കോട്: മാവൂരില്‍ കൂളിമാട് കടവില്‍ നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്റെ ബീമുകള്‍ തകര്‍ന്നവീണു. ചാലിയാറിനു കുറുകെ മലപ്പുറം കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ മൂന്ന് ബീമുകളാണ് തകര്‍ന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെയായിരുന്നു സംഭവം. മലപ്പുറം ജില്ലയുടെ ഭാഗത്തെ തൂണുകള്‍ക്ക് മുകളിലെ ഭീമുകള്‍ ഇടിഞ്ഞു വീഴുകയായിരുന്നു. രണ്ട് വര്‍ഷം മുമ്പ് ആരംഭിച്ച പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തി ഏറെക്കുറെ പൂര്‍ത്തിയാകുന്ന ഘട്ടത്തിലാണ് ബീമുകള്‍ തകര്‍ന്നത്.

2019 മാര്‍ച്ചിലായിരുന്നു പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചത്. കഴിഞ്ഞദിവസം പ്രദേശത്ത് ശക്തമായ മഴ ലഭിച്ചിരുന്നു. താല്‍ക്കാലികമായി സ്ഥാപിച്ച തൂണുകള്‍ താഴ്ന്നുപോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.