സ്‌കൂള്‍ കുട്ടികള്‍ക്ക് പ്രഭാതഭക്ഷണ പദ്ധതിയുമായി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്


ചെങ്ങോട്ടുകാവ്: ഗവണ്‍മെന്റ് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണ പദ്ധതിയുമായി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്. ഗ്രാമ പഞ്ചായത്ത് പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പ്രഭാതഭക്ഷണം ഒരുക്കിയിരിക്കുന്നത്.

ആദ്യഘട്ടത്തില്‍ ആന്തട്ട ഗവ.യു.പി.സ്‌കൂള്‍, മാടാക്കര ഗവ.എല്‍.പി.സ്‌കൂള്‍, ഏഴു കുടിക്കല്‍ ഗവ.എല്‍.പി.സ്‌കൂള്‍ എന്നിവിടങ്ങളിലാണ് പദ്ധതി തുടങ്ങുന്നത്. പഞ്ചായത്ത്തല ഉദ്ഘാടനം ആന്തട്ട ഗവ.എല്‍.പി സ്‌കൂളില്‍ കൊയിലാണ്ടി തഹസില്‍ദാര്‍ സി.പി. മണി നിര്‍വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.വേണു അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഡയറി വിതരണം സ്ഥിരം സമിതി അധ്യക്ഷ ബിന്ദു മുതിരക്കണ്ടത്തില്‍ നിര്‍വഹിച്ചു.

സംസ്ഥാനത്തെ മികച്ച തഹസില്‍ദാരായി തിരഞ്ഞെടുക്കപ്പെട്ട സി.പി. മണിയെ പി.വേണു പൊന്നാട അണിയിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സുധ കാവുങ്കല്‍പൊയില്‍, സുധ.പി, ഹെഡ്മാസ്റ്റര്‍ എം.ജി. ബല്‍രാജ്, പി.ടി.എ പ്രസിഡണ്ട് എ.ഹരിദാസ്, സ്റ്റാഫ് സെക്രട്ടറി രാജേഷ് പി.ടി.കെ എന്നിവര്‍ പ്രസംഗിച്ചു.