കൈവിടില്ലവയനാടിനെ; ഡിവൈഎഫ്ഐ പള്ളിക്കര മേഖലാ കമ്മിറ്റിയുടെ ആക്രി പെറുക്കല്‍ ചലഞ്ചിലേക്ക് കാര്‍ നല്‍കി തിക്കോടി സ്വദേശി ബാബു
തിക്കോടി: ഉരുള്‍പൊട്ടലില്‍ സര്‍വ്വതും നഷ്ടമായ വയനാട്ടിലെ ജനങ്ങള്‍ക്കായി രാപകല്‍ വ്യത്യാസമില്ലാതെ അധ്വാനിച്ച് പള്ളിക്കരയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. ഡിവൈഎഫ്ഐ പള്ളിക്കര മേഖലാ കമ്മിറ്റി നടത്തിയ ആക്രി പെറുക്കല്‍ ചലഞ്ചില്‍ നാട്ടുകാരും ഏറെ ഉത്സാഹത്തോടെയാണ് പങ്കാളികളായത്.
സിപിഐ(എം) തൃക്കോട്ടൂർ ബ്രാഞ്ച് അംഗവും, സുരക്ഷ പെയിൻ & പാലിയേറ്റീവ് പ്രവർത്തകനും, ബാലസംഘം യൂണിറ്റ് കൺവീനറുമായ തിക്കോടി തെരുവിലെ ഗുരുക്കൾകണ്ടി കിഴക്കയിൽ ജി.കെ ബാബു തന്റെ ആള്‍ട്ടോ 800 കാര്‍ ആണ് ചലഞ്ചിലേക്ക് നല്‍കിയത്. ഡിവൈഎഫ്‌ഐ പയ്യോളി ബ്ലോക്ക് സെക്രട്ടറി പി അനൂപ് ഏറ്റുവാങ്ങി. ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി വിജീഷ് പുൽപ്പാണ്ടി, മേഖല ട്രഷറർ വിഷ്ണു എസ് ചന്ദ്ര, യൂണിറ്റ് പ്രസിഡന്റ് അശ്വന്ത് ഇ.സി, സിപിഐ(എം) തൃക്കോട്ടൂർ ബ്രാഞ്ച് സെക്രട്ടറി എ.വി ഷിബു, സ്വരൂപ് എം, അജയ് ബാബു എന്നിവർ പങ്കെടുത്തു.
ഉരുള്‍പൊട്ടലിന് പിന്നാലെ ഡിവൈഎഫ്‌ഐ വയനാട്ടിലേക്ക് ആവശ്യസാധനങ്ങള്‍ അയച്ചപ്പോഴും തന്റെ ഗാര്‍മെന്റ്‌സ് യൂണിറ്റില്‍ നിന്നും നിരവധി വസ്ത്രങ്ങള്‍ ബാബു കൈമാറിയിരുന്നു. മാത്രമല്ല മുമ്പ് പ്രളയം വന്നപ്പോഴും എല്ലാവിധ സഹായങ്ങളുമായി ബാബു സജീവമായിരുന്നു. പള്ളിക്കര മേഖല കമ്മിറ്റി നടത്തിയ അക്രി ചലഞ്ചില്‍ നിരവധി പേര്‍ പഴയ സൈക്കിളുകളും പേപ്പറുകളും കൈമാറിയിട്ടുണ്ട്.