പുറക്കാട് പ്രവാസി വ്യവസായിയുടെ വീടിനുനേരെ ബോംബാക്രമണം


Advertisement

തിക്കോടി: പുറക്കാട് സ്വദേശിയുടെ വീടിനുനേരെ പൈപ്പ് ബോംബ് ആക്രമണം. തിക്കോടിയിലെ അറിയപ്പെടുന്ന മതപണ്ഡിതനായ ഇ.കെ.അബൂബക്കര്‍ ഹാജിയുടെ എടവനക്കണ്ടിയിലെ ഹദ്ഇയ എന്ന വീടിനുനേരെയാണ് ആക്രമണമുണ്ടായത്.

Advertisement

പുലര്‍ച്ചെ 1.45 ഓടെയായിരുന്നു സംഭവം. വീടിനോട് ചേര്‍ന്ന ഔട്ട് ഹൗസിനുനേരെയാണ് ആക്രമണമുണ്ടായത്. അബൂബക്കറിന്റെ മകന്റെ ഭാര്യയും മൂന്ന് കുട്ടികളാണ് ഔട്ട് ഹൗസില്‍ താമസിച്ചിരുന്നത്. ശബ്ദം കേട്ട് ഇവര്‍ പുറത്തിറങ്ങിയപ്പോഴാണ് ആക്രമണം നടന്ന കാര്യം മനസിലായത്.

Advertisement

ബോംബേറില്‍ വീടിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഗ്ലാസുകള്‍ പൊട്ടിയിട്ടുണ്ട്. വീട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് കൊയിലാണ്ടി പോലീസും ഫോറന്‍സിക്, വിരലടയാള വിദഗ്ധര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

Advertisement

രണ്ടാഴ്ച്ച മുന്‍പും സമാനമായ രീതിയില്‍ ഒരു സ്ഫോടനം വീട്ടില്‍ നടന്നതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. അന്ന് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. സമീപത്തെ വീട്ടിലുള്ളവര്‍ ശബ്ദം കേട്ടതായി പറയുന്നുണ്ട്.

പ്രദേശത്തെ അറിയപ്പെടുന്ന മതപണ്ഡിതനാണ് ഇ.കെ അബൂബക്കര്‍ ഹാജി. ഇരുപതോളം മഹല്ലുകളിലെ ഖാളിയാണ്. അദ്ദേഹവും പ്രവാസി ബിസിനസുകാരനായ മകന്‍ തമീം അബൂബക്കറും കുടുംബവുമാണ് ഈ വീട്ടില്‍ താമസിക്കാറുളളത്.

സംഭവം നടന്ന സ്ഥലത്ത് കാനത്തില്‍ ജമീല എം.എല്‍.എ, തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് മത സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.