ആ കുളത്തില്‍ മുങ്ങിത്താണത് ഒരു കുടുംബത്തിന്റെയാകെ സന്തോഷം; കൊണ്ടംവള്ളി ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ച ആല്‍വിനെ കണ്ണീരോടെ യാത്രയാക്കി ജന്മനാട്
കൊയിലാണ്ടി: എളാട്ടേരിക്ക് ഇന്ന് കണ്ണീരിന്റെ ദിവസമായിരുന്നു. തങ്ങളുടെ നാട്ടില്‍ ഓടിക്കളിച്ചിരുന്ന, തങ്ങള്‍ക്കെല്ലാം സുപരിചിതനായിരുന്ന ഒരു പതിനാലുകാരന്‍… അവന്‍ ഇനി തങ്ങള്‍ക്കൊപ്പമില്ല എന്ന തിരിച്ചറിവ് ഉള്‍ക്കൊള്ളാന്‍ കഴിയാതെ കരച്ചിലടക്കുകയായിരുന്നു ആ നാട്.
അച്ഛനും അനിയത്തിക്കുമൊപ്പം ഏറെ സന്തോഷത്തോടെയാണ് ആല്‍വിന്‍ കഴിഞ്ഞ വൈകുന്നേരം കൊണ്ടംവള്ളി ക്ഷേത്രക്കുളത്തില്‍ കുളിക്കാന്‍ പോയത്. ശബരിമലയ്ക്ക് പോകാന്‍ മാലയിട്ടതിനെ തുടര്‍ന്നാണ് എല്ലാവരും ഒന്നിച്ച് ക്ഷേത്രത്തിലേക്ക് പോയത്. എന്നാല്‍ അത് ആല്‍വിന്റെ വിയോഗത്തിന് ഇടയാക്കുമെന്ന് ആരും സ്വപ്‌നത്തില്‍ പോലും കരുതിയില്ല.
കുളിക്കുന്നതിനിടെ ആല്‍വിന്‍ കാല് വഴുതി കുളത്തിലേക്ക് വീഴുകയായിരുന്നു. കുളത്തില്‍ വീണ ആല്‍വിന് നീന്തലറിയാത്തതിനെ തുടര്‍ന്ന് മുങ്ങിപ്പോയി. അച്ഛന്‍ സുകേഷ് കുമാറിനും നീന്തല്‍ അറിയില്ലായിരുന്നു. എന്നാല്‍ മകനെ രക്ഷിക്കാന്‍ തന്നാലാവും വിധം അദ്ദേഹം പരിശ്രമിച്ചു.
അതില്‍ പരാജയപ്പെട്ടപ്പോഴാണ് സുകേഷ് കുമാര്‍ ആളുകളെ വിളിച്ച് കൂട്ടിയത്. നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികള്‍ ഉടന്‍ ആല്‍വിനെ കുളത്തില്‍ നിന്ന് രക്ഷിച്ച് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിയില്ല.
ഇന്ന് ഉച്ചയോടെയാണ് ആല്‍വിന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചത്. നൂറുകണക്കിന് പേരാണ് ആല്‍വിനെ അവസാനമായി ഒരുനോക്ക് കാണാനായി എത്തിയത്. പലരും വിതുമ്പലടക്കാന്‍ പാടുപെടുകയായിരുന്നു.
ഇന്നലെയോടെ തന്നെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്.
തിരുവങ്ങൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആല്‍വിന്‍. ജോബിഷയാണ് അമ്മ. സഹോദരി ലാവണ്യ.