മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി; ബോബി ചെമ്മണ്ണൂർ ജയിലിലേക്ക്


കൊച്ചി: നടി ഹണി റോസിനെതിരേ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യമില്ല. കേസിൽ ബോബി ചെമ്മണൂരിനെ എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സ്ത്രീത്വത്തെ അപമാനിച്ചതിന് ഭാരതീയ ന്യായസംഹിതയിലെ 75ാം വകുപ്പ്, ഇലക്ട്രോണിക് മാധ്യമത്തിലൂടെ അശ്ലീല പരാമർശം നടത്തുന്നതിന് ഐ.ടി ആക്ടിലെ 67ാം വകുപ്പ് എന്നിവ പ്രകാരമാണ് ബോബി ചെമ്മണൂരിനെതിരെ കേസെടുത്തത്.

ഇന്നലെ രാവിലെ വയനാട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് ഇന്നലെ വൈകിട്ട് എട്ട് മണിയോടെയാണ് കൊച്ചി സെൻട്രൽ പൊലീസ് രേഖപ്പെടുത്തിയത്. അഭിഭാഷകനായ ബി.രാമൻ പിള്ളയുടെ രാമൻപിള്ള അസോഷ്യേറ്റ്സാണ് പ്രതിക്ക് വേണ്ടി ഹാജരായത്. ബോബി ചെമ്മണൂരിൽ നിന്ന് കസ്റ്റഡിയിലെടുത്ത മൊബൈൽ ഫോണും പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു.

തെറ്റൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു ജാമ്യഹര്‍ജിയില്‍ പ്രതിഭാഗത്തിന്റെ വാദം. ”മഹാഭാരതത്തിലെ ഒരു കഥാപാത്രത്തെക്കുറിച്ചാണ് പറഞ്ഞത്. ഹണി റോസിന്റെ ആരോപണങ്ങളെല്ലാം വ്യാജമാണ്. മാത്രമല്ല, നടി പരാതി നല്‍കാന്‍ വൈകിയത് എന്തുകൊണ്ടാണെന്ന് പോലീസ് അന്വേഷിച്ചില്ലെന്നും” ബോബി ചെമ്മണൂരിനായി ഹാജരായ അഡ്വ.ബി.രാമന്‍പിള്ള കോടതിയില്‍ വാദിച്ചു.

അതേസമയം, ബോബി ചെമ്മണൂരിന് ജാമ്യം നല്‍കരുതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. നടി നല്‍കിയ പരാതിയിലെ വിവരങ്ങളും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ദ്വയാര്‍ഥ പദപ്രയോഗം നടത്തിയ പ്രതി തുടര്‍ച്ചയായി നടിയെ അധിക്ഷേപിച്ചു. അനുവാദമില്ലാതെ മോശമായരീതിയില്‍ നടിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചു. ആയിരക്കണക്കിനാളുകളുടെ മുന്നില്‍വെച്ചാണ് നടിയെ അപമാനിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പ്രതി സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുകയുംചെയ്തു. ആ ഉദ്ഘാടനചടങ്ങില്‍നിന്ന് ഏറെ വേദനിച്ചാണ് നടി മടങ്ങിയതെന്നും ജാമ്യം നല്‍കിയാല്‍ പ്രതി ഒളിവില്‍പോകുമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

ഡിജിറ്റൽ തെളിവുകള്‍ അടക്കം പരിശോധിക്കണമെന്നും ജാമ്യം നൽകരുതെന്നും വാദിച്ച പ്രോസിക്യൂഷൻ ബോബി ചെയ്തത് ഗൗരവമേറിയ കുറ്റമെന്നും ചൂണ്ടിക്കാട്ടി. പരാതിയില്‍ ഉന്നയിക്കുന്ന വീഡിയോ പരാതിക്കാരി തന്നെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ്‌ ചെയ്തിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ പറഞ്ഞു.എന്നാൽ, ഈ ഘട്ടത്തിൽ വീഡിയോ കാണേണ്ട ആവശ്യമില്ലെന്ന് മജിസ്ട്രേറ്റ് പറഞ്ഞു. പ്രതിഭാഗത്തോട് വാദം തുടരാനും ആവശ്യപ്പെട്ടു. വ്യാജ ആരോപണമാണെന്നും ജാമ്യം ലഭിക്കാവുന്ന കുറ്റമാണെന്നും ആയിരുന്നു അഡ്വ.രാമൻപിള്ളയുടെ വാദം.

ഹണി റോസിന്റെ ലൈം​ഗികാധിക്ഷേപ പരാതിയിൽ വയനാട്ടില്‍ നിന്നും കഴിഞ്ഞ ദിവസം രാവിലെയാണ് ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തത്‌. കേസെടുത്തതിനെ തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കവേയാണ് ബോബി ചെമ്മണ്ണൂരിനെ കൊച്ചി പൊലീസ് നാടകീയമായി കസ്റ്റഡിയിലെടുത്തത്‌.