പുളിയഞ്ചേരിയില്‍ ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി വഴിതടസപ്പെടുത്തി; പ്രതിഷേധിച്ച് നാട്ടുകാര്‍


കൊയിലാണ്ടി: നന്തി- ചെങ്ങോട്ടു കാവ് ബൈപ്പാസ് നിര്‍മ്മാണത്തിനിടെ വഴി തടസപ്പെട്ടതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ നിര്‍മ്മാണ പ്രവൃത്തി തടഞ്ഞു. പുളിയഞ്ചേരി എം.ജി.എന്‍ നഗറിന് സമീപം മെയിന്‍ കനാലിന് കുറുകെ പാലം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി ബൈപ്പാസിന് ഇരുഭാഗത്തും കൂറ്റന്‍ കോണ്‍ക്രീറ്റ് ഭിത്തി നിര്‍മ്മിച്ചതോടെയാണ് ഏതാനും വീട്ടുകാരുടെ വഴി തടയപ്പെട്ടത്.

ഇവര്‍ ഉപയോഗിച്ചു വന്ന റോഡിന്റെ ഭാഗം ഒഴിവാക്കിയായിരുന്നു ഭിത്തി നിര്‍മ്മിച്ചത്. നാട്ടുകാര്‍ക്ക് ബൈപ്പാസില്‍ കയറി യാത്ര ചെയ്യാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ വെള്ളിയാഴ്ച ഒഴിച്ചിട്ട ഭാഗത്ത് കൂടി ഭിത്തി നിര്‍മ്മിക്കാന്‍ തുടങ്ങിയതോടെയാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. ബദല്‍ റോഡ് വന്ന ശേഷമേ ഭിത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കൂവെന്ന് എന്‍.എച്ച്.ഐ. അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

ബദല്‍ റോഡിനുള്ള സ്ഥലം വില കൊടുത്ത് വാങ്ങിയെങ്കിലും വൈദ്യുതി തൂണ്‍ മാറ്റാതെ വാഹനഗതാഗതം സാധ്യമാവില്ല. പ്രതിഷേധത്തെ തുടര്‍ന്ന് കരാര്‍ കമ്പനി അധികൃത ര്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തി. യാത്രാ പ്രശ്‌നം പരിഹരിച്ചശേഷമേ ഭിത്തി നിര്‍മ്മാണം നടത്തുകയുള്ളുവെന്ന് നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.