‘കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ശോചനീയാവസ്ഥ, കാപ്പാട് – കൊയിലാണ്ടി തീരദേശ റോഡിലെ ദുരിതയാത്ര’, പ്രശ്നങ്ങളില്‍ എം.എല്‍.എ അനാസ്ഥ കാണിക്കുന്നു’; ഒക്ടോബര്‍ 3ന് എം.എല്‍.എ ഓഫീസിലേക്ക് ബിജെപി മാര്‍ച്ച്
കൊയിലാണ്ടി: കാപ്പാട് – കൊയിലാണ്ടി തീരദേശ റോഡിൻ്റെ ശോചനീയാവസ്ഥയിലും, കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥയിലും പ്രതിഷേധിച്ച്, പ്രശ്നത്തില്‍ എം.എല്‍.എ അനാസ്ഥ കാണിക്കുന്നു എന്നാരോപിച്ച് എം.എല്‍.എ ഓഫീസിലേക്ക് മാര്‍ച്ച് നടത്താനൊരുങ്ങി ബിജെപി. പ്രശ്നത്തില്‍ ഒക്ടോബര്‍ 3ന് ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് ബി.ജെ.പി കൊയിലാണ്ടി നിയോജക മണ്ഡലം ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
‘കഴിഞ്ഞ നാല് വർഷമായി കാപ്പാട് കൊയിലാണ്ടി തീരദേശ റോഡിലൂടെ യാത്ര ചെയ്യാൻ പോലും കഴിയാത്ത അവസ്ഥയിലാണ്. മഴ പെയ്തതോടെ റോഡിൽ കുഴി രൂപപ്പെടുകയും, മെറ്റലുകൾ ഇളകി ചളിക്കുളമായി ബൈക്കിന് പോലും പോകാൻ ചെയ്യാൻ പറ്റാത്ത വിധം റോഡ് തകർന്നിരിക്കുകയാണ്. മത്സ്യതൊഴിലാളി സംഘടനകളും മറ്റും എം.എൽ.എ അടക്കമുള്ളവർക്ക് നിരവധി തവണ നിവേദനങ്ങൾ നൽകിയിട്ടും യാതൊരു നടപടി ഉണ്ടായിട്ടില്ല. ഒന്നര വർഷം മുൻപ് തീരദേശ സദസ്സിൽ മത്സ്യ തൊഴിലാളികളെയും അവിടുത്തെ സംഘടനകളെയും വിളിച്ച് മന്ത്രി സജി ചെറിയാൻ നടത്തിയ യോഗത്തിൽ ബിജെപി നേതാക്കൾ ഈ വിഷയം മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. അന്ന് എത്രയും പെട്ടന്ന് പ്രശ്നം പരിഹരിക്കാം എന്നാണ് മന്ത്രി അറിയിച്ചത്. എന്നാൽ അതിൻ്റെ തുടർ നടപടികൾ ഉണ്ടായിട്ടില്ലെന്ന്’ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
‘കൊയിലാണ്ടി ഹോസ്പിറ്റലിലും തികഞ്ഞ കെടുകാര്യസ്ഥതയാണ് നടക്കുന്നത്. ഏറ്റവും അവസാനം സെപ്തംബര്‍ 29 ന് രാത്രി കൊയിലാണ്ടി ഹോസ്പിറ്റലിലേക്ക് ഒരു ഡി.ലെവല്‍ ആംബുലൻസ് ഡിഎംഒ ഓഫീസിൽ നിന്നും അയക്കുകയും അത് കൊയിലാണ്ടി ഹോസ്പിറ്റലിൽ സ്വീകരിക്കാൻ തയ്യാറാവാത്തതിനാൽ തിരിച്ച് അയക്കേണ്ട സാഹചര്യം ഉണ്ടായി. ഹോസ്പിറ്റലിലെ നിലവിലെ രണ്ട് ആംബുലൻസുകളും രോഗികൾക്ക് വേണ്ടി ഓടുന്നില്ല. പുറമേ നിന്നുള്ള ആംബുലൻസുകള്‍ വലിയ തുകയാണ് ഈടാക്കുന്നത്. മാസങ്ങളായി കൊയിലാണ്ടി ഹോസ്പിറ്റലിലെ ഫ്രീസർ പ്രവർത്തിക്കുന്നില്ല. ഭാരിച്ച സാമ്പത്തിക ബാധ്യതയാണ് ജനങ്ങൾക്ക് ഇതുമൂലം ഉണ്ടാകുന്നത്. മിക്കവാറും ദിവസങ്ങളിൽ ഹോസ്പിറ്റലിൽ സ്പെഷലിസ്റ്റ് ഡോക്ടർമാർ ഉണ്ടാകാറില്ല. വളരെ കുറച്ച് ഒ.പി ടിക്കറ്റുകൾ മാത്രമാണ് നൽകുന്നത്. ഹോസ്പിറ്റലിലെ ഡോക്റ്റർമാർ സ്വകാര്യ പ്രാക്റ്റീസ് നടത്തി സാധാരണക്കാരെ കൊള്ളയടിക്കുക്കുകയാണെന്നും ബിജെപി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് എസ്.ആർ ജയ് കിഷ്, സ്റ്റേറ്റ് കമ്മിറ്റി മെമ്പര്‍ വയനാരി വിനോദ് ജില്ലാ കമ്മിറ്റി അംഗം അഡ്വ.വി സത്യൻ, ജനറല്‍ സെക്രട്ടറി കെ.വി സുരേഷ്, കൗൺസിലർ കെ.കെ വൈശാഖ്, കൗൺസിലർ വി.കെ സുധാകരൻ, വി.കെ മുകുന്ദൻ തുടങ്ങിയവർ പങ്കെടുത്തു.
Description: BJP march to MLA office on October 3