”തീരദേശ റോഡിന്റെയും താലൂക്ക് ആശുപത്രിയുടെയും ശോചനീയാവസ്ഥ പരിഹരിക്കണം” ഒക്ടോബര്‍ മൂന്നിന് എം.എല്‍.എ ഓഫീസിലേക്ക് ബി.ജെ.പി മാര്‍ച്ച്
കൊയിലാണ്ടി: തീരദേശ റോഡിന്റെ ശോചനീയാവസ്ഥയ്‌ക്കെതിരെ ബി.ജെ.പി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എം.എല്‍.എ ഓഫീസ് മാര്‍ച്ച്. ഒക്ടോബര്‍ മൂന്നിന് രാവിലെ പത്തുമണിക്ക് ഉപ്പാലക്കണ്ടിയില്‍ നിന്നും മാര്‍ച്ച് ആരംഭിക്കും.
കാപ്പാട്-കൊയിലാണ്ടി ഹാര്‍ബര്‍ റോഡ് ഗതാഗതം സാധ്യമാകാത്തവിധം തകര്‍ന്നിരിക്കുകയാണ്. കൊയിലാണ്ടിയെ സംബന്ധിച്ച് പ്രധാനപ്പെട്ട റോഡാണിത്. വര്‍ഷങ്ങളായി അറ്റകുറ്റപണി നടത്താത്ത കാരണത്താല്‍ കാല്‍നടയാത്രക്കാര്‍ക്ക് പോലും യാത്ര ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലായിരുക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ നിവേദനങ്ങള്‍ നല്‍കുകയും പ്രതിഷേധങ്ങള്‍ അറിയിക്കുകയും ചെയ്തിട്ടും യാതൊരു പരിഹാരവും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് എം.എല്‍.എ ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുന്നതെന്ന് ബി.ജെ.പി കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് എസ്.ആര്‍ ജെയ്കിഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണാനും മാര്‍ച്ച് ആവശ്യപ്പെടുന്നു. താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരോ മറ്റ് ജീവനക്കാരോ ഇല്ല. ഇത് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ വലിയ തോതില്‍ ബാധിക്കുന്നുണ്ട്. കൂടാതെ ആയിരക്കണക്കിന് രോഗികള്‍ ദിനംപ്രതിയെത്തുന്ന ആശുപത്രിയായിട്ടും മാലിന്യനിര്‍മാര്‍ജ്ജനത്തിന് കാര്യക്ഷമമായ സംവിധാനമില്ലെന്നും അദ്ദേഹം പറഞ്ഞു.
Summary: BJP march to MLA office on October 3