‘സ്വന്തം അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമില്ല’; ബി.ജെ.പി ബന്ധം വിട്ട് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക്


പാലക്കാട്: ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ കോൺഗ്രസിൽ ചേർന്നു. കോണ്‍ഗ്രസ് നേതൃത്വം വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം. കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരനും വി.ഡി സതീശനും സന്ദീപ് വാര്യറെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. പല ഘട്ടങ്ങളിലും താൻ പ്രതീക്ഷിച്ച പിൻതുണയും സഹകരണവും ബിജെപിയിൽ നിന്ന് ലഭിച്ചിരുന്നില്ലെന്ന് സന്ദീപ് വാര്യർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ബി.ജെ.പി സംസ്ഥാന നേതൃത്വവുമായി ഏറെ നാളുകളായി ഇടഞ്ഞു നിന്നിരുന്ന സന്ദീപ് വാര്യര്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ബിജെപി വിടാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. പ്രചരണ രംഗത്ത് അദ്ദേഹം സജീവമല്ലാതായതോടെ പാര്‍ട്ടി വിടുമെന്ന ചര്‍ച്ചകള്‍ സജീവമായിരുന്നു. ഇതിനിടെയില്‍ പാലക്കാട് സ്ഥാനര്‍ഥി സി. കൃഷ്ണകുമാറിനെതിരെ സന്ദീപ് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതോടെ കാര്യങ്ങള്‍ പരസ്യമായി. ഇതിനിടയില്‍ സന്ദീപിനെ സി.പി.എമ്മിലേക്ക് സ്വാഗതം ചെയ്ത് എ.കെ. ബാലന്‍ രംഗത്തെത്തിയിരുന്നു.