വടകര മണ്ഡലത്തിലെ എന്‍.ഡി. എയുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു; യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് പ്രഫുല്‍ കൃഷ്ണ വടകരയില്‍ മത്സരിക്കും


കൊയിലാണ്ടി: എല്‍ഡിഎഫിന് പിന്നാലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ 12 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി.

വടകര ലോക്‌സഭാ മണ്ഡലത്തില്‍ എന്‍.ഡി. എയുടെ സ്ഥാനാര്‍ത്ഥിയായി യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് പ്രഫുല്‍ കൃഷ്ണ മത്സരിക്കും. ചാനല്‍ ചര്‍ച്ചകളില്‍ ബിജെപിയുടെ സ്ഥിര സാന്നിദ്ധ്യമാണ് പ്രഫുല്‍.

”ഒരുപാട് ഒരുപാട് പ്രശ്‌നങ്ങളുള്ള മണ്ഡലമാണ് വടകര. ഒരുപാട് വികസന പ്രശ്‌നങ്ങളുണ്ട്. കേരളത്തിലെ രാഷ്ട്രീയ സംഭവവികാസങ്ങളെല്ലാ വടകരയില്‍ ചര്‍ച്ചയാവും. വടകരയെ സംബന്ധിച്ചിടത്തോളം വളരെ നിരാശജനകമായിട്ടുള്ള അഞ്ച് വര്‍ഷമായിരുന്നു ഉണ്ടായിരുന്നതെന്നും ഇതെല്ലാം ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന്‌ ഉറപ്പാണെന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രഫുല്‍ കൃഷ്ണ മാധ്യമങ്ങളോട് പ്രതികരിച്ചു.

കണ്ണൂരില്‍ സി.രഘുനാഥുമാണ് മത്സരിക്കുന്നത്. തൃശൂര്‍ – സുരേഷ് ഗോപി, തിരുവനന്തപുരം – കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, കാസര്‍കോഡ് – എം എല്‍ അശ്വനി, മലപ്പുറം – ഡോ. അബ്ദുള്‍ സലാം, പൊന്നാനി – നിവേദിത സുബ്രഹ്‌മണ്യന്‍, ആലപ്പുഴ – ശോഭ സുരേന്ദ്രന്‍, പത്തനംതിട്ട – അനില്‍ ആന്റണി, ആറ്റിങ്ങല്‍ – വി മുരളീധരന്‍, പാലക്കാട് – സി കൃഷ്ണകുമാര്‍ എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍.