കോമത്ത്കര ജനവാസ മേഖലയിലെ മൊബൈല്‍ ടവര്‍ നിര്‍മ്മാണം തടഞ്ഞ് ബിജെപി; ടവര്‍ നിര്‍മ്മാണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു


കൊയിലാണ്ടി: കോമത്ത്കര 30-ാം വാര്‍ഡില്‍ ജനവാസ മേഖലയില്‍ സ്ഥാപിക്കുന്ന മൊബൈല്‍ ടവര്‍ നിര്‍മ്മാണ പ്രവൃത്തി തടഞ്ഞ് ബി.ജെ.പി. ഇന്ന് രാവിലെ ടവര്‍നിര്‍മ്മാണ പ്രവൃത്തി പുരോഗമിക്കുന്നതിനിടെയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞത്. തുടര്‍ പണികള്‍ നിര്‍ത്തിവെപ്പിക്കുകയും ചെയ്തു.


ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്താണ് ടവര്‍ നിര്‍മ്മാണം പുരോഗമിക്കുന്നതെന്നും ടവര്‍ നിര്‍മ്മാണത്തെക്കുറിച്ച് യാതൊരു വിവരവും പ്രദേശവാസികള്‍ക്ക് ലഭിച്ചില്ലെന്നും പരാതി ഉയരുന്നുണ്ട്. നിലവില്‍ കോമത്ത്കര ഭാഗത്ത് മൂന്ന് മൊബൈല്‍ടവര്‍ ഉണ്ടെന്നും ഇനിയും പ്രേദേശവാസികള്‍ക്കു ബുധിമുട്ടുണ്ടാക്കുന്ന ഒരു നിര്‍മാണ പ്രവര്‍ത്തിയും അനുവദിക്കുകയില്ലെന്നും ബി.ജെ.പി പറഞ്ഞു. നിര്‍മാണ പ്രവര്‍ത്തിക്കെതിരെ വരും ദിവസങ്ങളില്‍ വന്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.

ടവര്‍ നിര്‍മ്മാണത്തെക്കുറിച്ച് തനിയ്ക്ക് യാതൊരുവിവരവും ലഭിച്ചിട്ടില്ലെന്നും പ്രദേശവാസികളും വിവരം അറിഞ്ഞതായിട്ടില്ലന്നും തുടര്‍നടപടിക്കായി കളക്ടര്‍ക്ക് നിവേദനം നല്‍കുമെന്നും വാര്‍ഡ് മെമ്പര്‍ ഷീന കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.