അടുത്ത മഹാമാരി പക്ഷിപ്പനിയില്‍ നിന്ന്; മുന്നറിയിപ്പുമായി സിഡിസി മുന്‍ ഡയറക്ടര്‍
വാഷിംഗ്ടണ്‍: അടുത്ത പകര്‍ച്ചവ്യാധി സംഭവിക്കുന്നത് പക്ഷിപ്പനി കാരണമായിരിക്കുമെന്ന മുന്നറിയിപ്പുമായി സെന്‌റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(സിഡിസി) മുന്‍ ഡയറക്ടര്‍ റോബര്‍ട്ട് റെഡ്ഫീല്‍ഡ്. അത് എപ്പോഴായിരിക്കുമെന്ന് പ്രവചിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎസില്‍ പശുക്കള്‍ക്കിടയില്‍ വ്യാപകമാകുന്ന പക്ഷിപ്പനിയെക്കുറിച്ച് ഒരു ന്യൂസ് ചാനലുമായി സംസാരിക്കുന്നതിനിടെയാണ് റെഡ്ഫീല്‍ഡ് തന്‌റെ ആശങ്ക അറിയിച്ചത്.
എപ്പോഴെങ്കിലും പക്ഷിപ്പനി പകര്‍ച്ചവ്യാധിക്ക് കാരണമാകുമോ എന്നല്ല, എപ്പോഴെങ്കിലും അത് സംഭവിക്കാന്‍ സാധ്യതയുണ്ടെന്നാണ് കരുതുന്നതെന്ന് റെഡ്ഫീല്‍ഡ് പറഞ്ഞു. കോവിഡ്-19നെ അപേക്ഷിച്ച് പക്ഷിപ്പനി മനുഷ്യരിലേക്ക് കടക്കുമ്പോള്‍ മരണസാധ്യത പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡിൻ്റെ മരണനിരക്ക് 0.6 ശതമാനമായിരുന്നപ്പോൾ, പക്ഷിപ്പനിയുടെ മരണനിരക്ക് 25-നും 50 ശതമാനത്തിനും ഇടയിൽ ആയിരിക്കുമെന്ന് റെഡ്ഫീൽഡ് പറഞ്ഞു.
കഴിഞ്ഞ മാസമാണ് അമേരിക്കയില്‍ മനുഷ്യനില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത്. ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്തതിന് രണ്ട് മാസത്തിനുള്ളില്‍ ഈ രോഗം കറവപ്പശുക്കള്‍ക്കിടയില്‍ വ്യാപിക്കുന്നുണ്ടായിരുന്നു. ഡയറി ഫാം തൊഴിലാളികളിലായിരുന്നു രോഗം സ്ഥിരീകരിച്ചത്. വൈറസ് മനുഷ്യർക്കിടയിൽ പടരുന്നു എന്നതിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് റെഡ്ഫീൽഡ് വിശദീകരിച്ചു.
ലോകമെമ്പാടും പക്ഷിപ്പനി സ്‌ട്രെയിന്‍ എച്ച്5എന്‍1 കാരണമുള്ള 15 മനുഷ്യ അണുബാധകള്‍ ഡോക്ടര്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്. വൈറസ് മനുഷ്യര്‍ക്കിടയില്‍ പടരുന്നുവെന്നതിന് വ്യക്തമായ തെളിവുകളില്ലെങ്കിലും പക്ഷിപ്പനിക്ക് ഒരു മനുഷ്യ റിസപ്റ്ററുമായി ബന്ധിപ്പിക്കാനുള്ള പ്രവണത ലഭിക്കുന്നതിന് അഞ്ച് അമിനോആസിഡുകള്‍ ഉണ്ടായിരിക്കണമെന്ന് റെഡ്ഫീല്‍ഡ് വിശദീകരിക്കുന്നു. വൈറസ് മനുഷ്യ റിസപ്റ്ററുമായി ബന്ധിപ്പിക്കാനും മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പോകാനുള്ള കഴിവും നേടുമ്പോഴാണ് പകര്‍ച്ചവ്യാധി ആകുന്നത്.
അഞ്ച് അമിനോആസിഡുകള്‍ മാറാന്‍ എത്ര സമയം എടുക്കുമെന്ന് അറിയില്ല, എന്നാല്‍ യുഎസിലുടനീളമുള്ള കന്നുകാലികളില്‍ ഇത് കണ്ടെത്തിയതിനാല്‍ തനിക്ക് ആശങ്കയുണ്ടെന്ന് റെഡ്ഫീല്‍ഡ് പറഞ്ഞു.
ഈയിടെ ഇന്ത്യയിലും മനുഷ്യരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. നാലുവയസുള്ള കുട്ടിക്കാണ് എച്ച് 9 എൻ 2 വൈറസ് മൂലമുണ്ടാകുന്ന പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇന്ത്യയിൽ മനുഷ്യരിലുണ്ടാകുന്ന പക്ഷിപ്പനിയുടെ രണ്ടാമത്തെ കേസാണിത്. 2019 ൽ ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്‌തിരുന്നു.