സ്‌കൂളുകളിലെ മാലിന്യപ്രശ്‌നത്തിന് പരിഹാരവുമായി ബയോഗ്യാസ് പദ്ധതിയുമായി പന്തലായനി ബ്ലോക്ക്; ആന്തട്ട ഗവ.യു.പി സ്‌കൂളില്‍ ആദ്യ പ്ലാന്റ് തുറന്നു
കൊയിലാണ്ടി: സ്‌കൂളിലെ മാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരമെന്ന ലക്ഷ്യത്തോടെ സ്‌കൂളുകളില്‍ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ട പന്തലായനി ബ്ലോക്ക് പഞ്ചായത്ത്. പഞ്ചായത്തിന്റെ സ്‌കൂള്‍ ശുചിത്വ പരിപാടിയുടെ ഭാഗമായി സ്ഥാപിക്കുന്ന ബയോഗ്യാസ് പ്ലാന്റിന്റെ ബ്ലോക്ക് തല ഉദ്ഘാടനം ആന്തട്ട ഗവ.യു.പി സ്‌കൂളില്‍ നടന്നു.
ബ്ലോക്ക് പഞ്ചായത്തിലെ മൂന്ന് സ്‌കൂളുകളിലാണ് നിലവില്‍ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. മൂടാടി വന്‍മുഖം ഹൈസ്‌കൂള്‍, കോരപ്പുഴ ഗവ ഫിഷറീസ് സ്‌കൂള്‍ എന്നിവയാണ് മറ്റ് സ്‌കൂളുകള്‍. ഓരോ സ്‌കൂളിനും എഴുപതിനായിരം രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ചത്. മറ്റ് സ്‌കൂളിലും പ്ലാന്റ് നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്. വരുംദിവസങ്ങളില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.
പദ്ധതിയുടെ ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.കെ. ജുബീഷ്, നൈനിക ഹരിദാസ്.പി. എന്നിവര്‍ പ്രസംഗിച്ചു. ഹെഡ്മാസ്റ്റര്‍ എം.ജി.ബല്‍രാജ് സ്വാഗതവും പി.ടി.എ പ്രസിഡണ്ട് എ.ഹരിദാസ് നന്ദിയും പറഞ്ഞു.