ഡൽഹിയിൽ പോലീസ് ട്രെയിനിങ്ങിനിടെ കുഴഞ്ഞുവീണ് മരിച്ച ചോറോട്‌ സ്വദേശി ബിനീഷിന്റെ സംസ്‌കാരം നാളെ


ന്യൂഡൽഹി: ഡൽഹിയിലെ പോലീസ് ട്രെയിനിം​ഗ് സെന്ററിലെ പരിശീലനത്തിനിടെ മരിച്ച ചോറോട്‌ മാങ്ങാട്ടുപാറ സ്വദേശി ബിനീഷിന്റെ സംസ്‌കാരം നാളെ രാവിലെ 9മണിക്ക് വീട്ടുവളപ്പില്‍ നടക്കും. മ‍ൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം രാത്രിയോടെ വീട്ടിലെത്തിക്കും.

അത്യുഷ്ണത്തിലെ പരിശീലനത്തെത്തുടർന്ന് ഇന്നലെയാണ്‌ ഡൽഹി പോലീസിലെ എഎസ്ഐയായ ബിനീഷ് കുഴഞ്ഞു വീണത്‌. ഉടനെ ബാലാജി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

രണ്ട് ദിവസമായി വസീറാബാദിലെ പോലീസ് ട്രെയിനിം​ഗ് സെന്ററിൽ പരിശീലനം നടക്കുകയായിരുന്നു. ആദ്യ ദിവസം മുതൽ പോലീസുകാർ കുഴഞ്ഞുവീണിരുന്നു. ഇന്നും രണ്ട് പേർ കുഴഞ്ഞുവീണിരുന്നു. അതിനിടയിലാണ് ബിനീഷിന്റെ മരണം. ഉഷ്ണതരം​ഗം വകവെക്കാതെ ട്രെയിനിം​ഗ് നടത്തിയതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ആരോപണം.

ഭാര്യ: ലിജ. മക്കള്‍: ഐശ്വര്യ, ലിബിന്‍. സഹോദരി: വിജില. അച്ഛന്‍: കൃഷ്ണന്‍. അമ്മ: പരേതയായ വത്സല.