കൊടുവളളിയിലെ ബൈക്ക് അപകടം; മരിച്ചത് ബാലുശ്ശേരി സ്വദേശികള്‍


കൊടുവള്ളി: കൊടുവളളിയില്‍ ബൈക്ക് അപകടത്തില്‍ മരിച്ചവരെ തിരിച്ചറിഞ്ഞു. ബാലുശ്ശേരി കിനാലൂര്‍ കാരപ്പറമ്പില്‍ ആലിക്കോയയുടെ മകന്‍ ജാസിര്‍, കണ്ണാടി പൊയില്‍ മരിങ്ങനാട്ടുചാലില്‍ ശശിയുടെ മകന്‍ അഭിനന്ദ്(21) എന്നിവരാണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ 4.45 ഓടെയായിരുന്നു കോഴിക്കോട്-കൊല്ലങ്ങല്‍ ദേശീയ പാത സമീപം സൗത്ത് കൊടുവള്ളിയില്‍ ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കള്‍ മരിച്ചത്. യുവാക്കളുടെ മുഖത്ത് ഗുരുതരമായി പൊളളലേറ്റതിനാല്‍ ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല.

ബൈക്കിന്റെ നമ്പര്‍പ്ലേറ്റും കത്തിനശിച്ചതിനാല്‍ ഇവരുടെ മൊബൈല്‍ ഫോണ്‍ വഴിയാണ് തിരിച്ചറിയാനായത്. മരിച്ച രണ്ട് യുവാക്കള്‍ക്കും പൊളളലേറ്റിട്ടുണ്ട്. വലിയ ശബ്ദം കേട്ട് ഓടിയെത്തിയപ്പോള്‍ ബൈക്ക് പൂര്‍ണ്ണമായും കത്തുന്നതാണ് കണ്ടതെന്നും അപ്പോള്‍ തന്നെ കെ.എസ്.ഇ ബിയിലും ഫയര്‍ ഫോഴ്‌സിനെയും വിവരമറിയിച്ചുവെന്നും ദൃക്‌സാക്ഷി പറയുന്നു.

ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ഒരാള്‍ മരിച്ചിരുന്നുവെന്നും ഒരാള്‍ക്ക് ജീവനുണ്ടായിരുന്നുവെന്നും പറയുന്നു. സംഭവസ്ഥലത്ത് പോലീസും ഫയര്‍ഫോഴ്‌സും സമീപവാസികളും ചേര്‍ന്നാണ് തീ അണച്ചത്.