ചേലിയ സ്വദേശി ബിജിഷയുടെ അക്കൗണ്ടിലൂടെ എങ്ങനെ വന്‍തുക കൈമാറി? അന്വേഷണത്തില്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍


കൊയിലാണ്ടി: ചേലിയ സ്വദേശി ബിജിഷയെ ആത്മഹത്യയിലേക്ക് നയിച്ചതിന്റെ കാരണം കണ്ടെത്തുന്നതില്‍ നിര്‍ണായകമായത് ബിജിഷയുടെ ബാങ്ക് ഇടപാടുകളിലെ അസ്വാഭാവികത. കൊയിലാണ്ടിയിലെ സ്വകാര്യ ടെലികോം കമ്പനിയുടെ സേവനകേന്ദ്രത്തിലെ ജീവനക്കാരിയായിരുന്ന ബിജിഷയുടെ അക്കൗണ്ട് വഴി കോടിയിലേറെ രൂപയുടെ ഇടപാടുകള്‍ നടന്നെന്ന കണ്ടെത്തലാണ് ആത്മഹത്യയുടെ കാരണം കണ്ടെത്തുന്നതിന് സഹായിച്ചത്.

[ad1]
രണ്ട് അക്കൗണ്ടുകളാണ് ബിജിഷയ്ക്ക് ഉണ്ടായിരുന്നത്. ഇതുവഴിയാണ് പണമിടപാടുകള്‍ നടന്നത്. അക്കൗണ്ടുകളുമായി ബന്ധപ്പെട്ട ബാങ്കിലെ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചു. വിവിധ യു.പി.ഐ ആപ്പുകള്‍വഴി ഇരുപത് ലക്ഷംരൂപയോളം ബിജിഷ കൈമാറ്റം ചെയ്തതായി കണ്ടെത്തി. സ്ഥാപനവുമായി ബന്ധപ്പെട്ട പണമിടപാടുകൂടി നടന്നതിനാലാണ് ഒരു കോടിയിലധികം രൂപയുടെ കൈമാറ്റം നടന്നതെന്നും കണ്ടെത്തി.
[ad2]

ഈ ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണമാണ് മരണകാരണമെന്തെന്ന നിഗമനത്തിലേക്ക് എത്തിച്ചേര്‍ന്നതെന്നാണ് ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഹരിദാസ് പറഞ്ഞത്.

ഓണ്‍ലൈനായി വായ്പവാങ്ങിയതായും ചിലരുടെ കയ്യില്‍ നിന്ന് പണം അക്കൗണ്ടുവഴി കടംവാങ്ങിയതായും ബിജിഷയുടെ സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും നല്‍കിയ മൊഴിയിലുണ്ട്. ബിജിഷ കോവിഡ് കാലത്താണ് ഓണ്‍ലൈന്‍ ഗെയിമുകളില്‍ സജീവമായതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ആദ്യം ചെറിയ രീതിയിലുള്ള ഗെയിമുകള്‍ക്കാണ് പണം മുടക്കിയത്. പിന്നീട് ഓണ്‍ലൈന്‍ റമ്മി പോലുള്ള ഗെയിമുകളിലേക്ക് കടന്നു. ആദ്യഘട്ടത്തില്‍ കളികള്‍ ജയിച്ച് പണം ലഭിച്ചതോടെ വീണ്ടും ഗെയിമുകള്‍ക്ക് വേണ്ടി പണം നിക്ഷേപിച്ചു. എന്നാല്‍ ഓണ്‍ലൈന്‍ റമ്മിയില്‍ തുടര്‍ച്ചയായി പണം നഷ്ടപ്പെട്ടതോടെ വീട്ടുകാര്‍ വിവാഹത്തിനായി കരുതിയിരുന്ന സ്വര്‍ണം പണയംവെച്ച പണമടക്കം ഉപയോഗിച്ച് ഗെയിം തുടര്‍ന്നു.
[ad-attitude]

പിന്നീടാണ് ഓണ്‍ലൈന്‍ വായ്പ നല്‍കുന്ന കമ്പനികളില്‍ നിന്ന് വായ്പ വാങ്ങാന്‍ തുടങ്ങിയത്. ഇത്തരം ആപ്പുകള്‍ അശ്രദ്ധമായി ഇന്‍സ്റ്റാള്‍ ചെയ്തതും ബിജിഷയ്ക്ക് വിനയായി. ഇവര്‍ ബിജിഷയുടെ ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് കരുതുന്നതെന്ന് ആര്‍.ഹരിദാസ് പറയുന്നു.

പണം തിരിച്ചടവ് മുടങ്ങിയതോടെ വായ്പ നല്‍കിയവര്‍ ബിജിഷയുടെ സുഹൃത്തുക്കള്‍ക്കടക്കം സന്ദേശങ്ങള്‍ അയച്ചിരുന്നു. വായ്പ തിരിച്ചടക്കാത്തതിനാല്‍ ബിജിഷയെ മോശമായി ചിത്രീകരിച്ചാണ് സന്ദേശങ്ങള്‍ അയച്ചിരുന്നത്. ഇത് ബിജിഷയെ മാനസികമായി ഏറെ തളര്‍ത്തിയിരുന്നെന്നും ഇതാവാം ആത്മഹത്യയ്ക്കു വഴിവെച്ചതെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.