ഈ നടന്‍ ചേമഞ്ചേരിയ്ക്ക് അഭിമാനം; ‘ഉത്തമി’ എന്ന തമിഴ് സിനിമയില്‍ പ്രേക്ഷക ശ്രദ്ധപിടിച്ചുപറ്റി ചേമഞ്ചേരി വെറ്റിലപ്പാറ സ്വദേശി ഭാസ്‌ക്കരന്‍


എ. സജീവ്കുമാര്‍

കൊയിലാണ്ടി: തമിഴ് സിനിമയിലും ശ്രദ്ധയനായി വെറ്റിലപ്പാറ സ്വദേശിയും സാംസ്‌ക്കാരിക പ്രവര്‍ത്തകനും നടനുമായ ഭാസ്‌ക്കരന്‍ വെറ്റിലപ്പാറ. കഴിഞ്ഞ ദിവസം റിലീസായ ‘ഉത്തമി’ എന്ന തമിഴ് സിനിമയില്‍ ചെരുപ്പുകുത്തി എന്ന വേഷത്തില്‍ ആരാധകരുടെ ശ്രദ്ധാകേന്ദ്രമായിക്കഴിഞ്ഞിരിക്കയാണ് ഭാസ്‌ക്കരന്‍ വെറ്റിലപ്പാറ.

ചെന്താമര സെല്‍വി നിര്‍മ്മിച്ച് സുരേഷ്‌കുമാര്‍ സംവിധാനം നിര്‍വ്വഹിച്ച സിനിമ മലയാളത്തിലാണ് ചിത്രീകരിച്ചത്. പിന്നീട് തമിഴിലേക്ക് മൊഴിമാറ്റം ചെയ്യുകയായിരുന്നു. ഡയറക്ടറും സിനിമയില്‍ മുഖ്യവേഷം അവതരിപ്പിക്കുകയും ചെയ്ത ഷാജി നാരായണന്റെ ക്ഷണത്തിലാണ് എഴുപത്തിയാറുകാരനായ ഭാസ്‌ക്കരന്‍ വെറ്റിലപ്പാറ ഉത്തമി എന്ന സിനിമയിലേയ്‌ക്കെത്തുന്നത്. ആറുവര്‍ഷത്തോളമായി സിനിമയിലേയ്ക്ക് ചുവട് വെച്ചിട്ട് ഇതിനോടകം 2 തമിഴ് സിനിമ ഉള്‍പ്പെടെ 5 സിനിമകളില്‍ മുഖ്യകഥാപാത്രങ്ങളായി അഭിനയിച്ചു.

സൈരി തിരുവങ്ങൂരിലൂടെ നല്ലൊരു വായനക്കാരനായ ഇദ്ദേഹം ജെ.പി സജീവന്റെ ‘കാലുകള്‍ ‘ എന്ന ടെലിഫിലിമിലൂടെയാണ് ആദ്യമായി ക്യാമറക്ക് മുന്നിലെത്തുന്നത്. അവിടെ നിന്ന് അര്‍ഷാദ് അബ്ദു സംവിധാനം ചെയ്ത സായിപ്പ് എന്ന സിനിമയിലേക്ക് എത്തുകയും വികാരിയച്ഛന്റെ വേഷത്തില്‍ അഭിനയിക്കുകയും ചെയ്തു. പക്ഷെ ആ സിനിമ പുറത്തിറങ്ങിയില്ലെങ്കിലും അഭിനേതാവ് എന്ന നിലയിലേക്കെത്താന്‍ കാരണമായി.

ചേമഞ്ചേരി കൊളക്കാട് യു.പി സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.വി.എസ് പൂക്കാട് സംവിധാനം ചെയ്ത മാ:നിഷാദ എന്ന നാടകത്തിലൂടെയാണ് ഭാസ്‌ക്കരന്‍ അഭിനയരംഗത്തെത്തുന്നത്. കോഴിക്കോട് ഇദ്ദേഹം ജോലി ചെയ്ത സ്ഥാപനത്തിലായിരുന്നു സംഗമത്തിന്റെയും ചിരന്തനയുടെയും നാടകകങ്ങളുടെ റിഹേഴ്‌സല്‍ നടത്തിയിരുന്നത്. അത് കാണാനും അഭിനയം ഉള്‍കൊള്ളാനും കെ.ടി മുഹമ്മദിന്റെ ശിക്ഷണം നേരിട്ട് കണ്ട് മനസ്സിലാക്കാനും കഴിഞ്ഞത് പില്‍ക്കാലത്ത് അഭിനയ രംഗത്ത് ഗുണകരമാവുകയായിരുന്നു.

നിരവധിക്കാലം പ്രവാസിയായും ഹോട്ടല്‍ തൊഴിലാളി അടക്കം വിവിധ മേഖലകളില്‍ ജോലി ചെയ്ത ഭാസ്‌ക്കരന്‍ വെററിലപ്പാറ കോഴിക്കോട് ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഇപ്പോഴും ജോലി ചെയ്തു കൊണ്ടിരിക്കുകയാണ്. തൊട്ടു മുന്‍പ് ചെയ്ത ‘മരാമരം’ എന്ന സിനിമയാണ് ഭാസ്‌കരന്‍ വെററിലപ്പാറയെ സിനിമാ നടനെന്നതിലേക്കെത്തിച്ചത്.

മകള്‍ ജനിച്ചപ്പോള്‍ ഒരു മരം നടുകയും മകളുടെ മരണത്തോടെ ആ മരത്തെ മകളായി കാണുകയും ചെയ്യുന്ന പ്രകൃതിയെയും മനുഷ്യനെയും ഒന്നിപ്പിക്കുന്ന പരിസ്ഥിതി പ്രാധാന്യമുള്ള ഈ സിനിമയില്‍ ദിവാകരന്‍ എന്ന കഥാപാത്രമായി മുഴുനീള വേഷം ചെയ്താണ് അദ്ദേഹം പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയത്. ചിത്രം കോഴിക്കോട് ക്രൗണിലും നിരവധി സാസ്‌കാരിക പരിപാടികളിലും പ്രദര്‍ശിപ്പിച്ചു.

കൂടാതെ ഇദ്ദേഹം അഭിനയിച്ച ഉയിര്‍ശത്തം, ബ്ലാക്ക് മൂണ്‍ എന്നീ സിനിമകള്‍ പുറത്തിറങ്ങാനുണ്ട്. മതിലുകള്‍ക്കപ്പുറം, തീ തെയ്യം തുടങ്ങി നിരവധി ടെലിഫിലുമകളില്‍ അഭിനയിച്ച ഇദ്ദേഹത്തിന് നിരവധി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. ‘വെടക്ക’് എന്ന വെബ് സീരിസിലും അഭിനയിച്ചു. സുബീഷ് അരിക്കുളം രചിച്ച് സജീവ് കിളികുലം സംവിധാനം ചെയ്ത ആരാണ് ഭ്രാന്തന്‍ എന്ന കവിതയുടെ ദൃശ്യാവിഷ്‌ക്കാരത്തില്‍ അഭിനയിച്ച ഇദ്ദേഹത്തിന് അഭിനയം ഒരു ലഹരിയാണ്. സജീവ് കിളി കുലം എഴുതി സംവിധാനം ചെയ്യുന്ന അടുത്ത വര്‍ഷം റിലീസാകുന്ന ‘പെരുമന്‍’ എന്ന സിനിമയില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ഭാസ്‌ക്കരന്‍ വെറ്റിലപ്പാറയാണ്.