കോഴിക്കോട്ടെ ബീവറേജസ് കോര്‍പ്പറേഷന്‍ ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍; ശമ്പളം മുടങ്ങിയതിന്റെ മനോവിഷമത്തിലെന്ന് കുടുംബം


കോഴിക്കോട്: ബീവറേജസ് കോര്‍പ്പറേഷന്‍ ജീവനക്കാരനായ മധ്യവയസ്‌കന്‍ തൂങ്ങിമരിച്ച നിലയില്‍. രാമനാട്ടുകര ഫാറൂഖ് കോളേജ് അടിവാരം സ്വദേശി ശശികുമാര്‍ ആണ് മരിച്ചത്. അന്‍പത്തിയാറ് വയസായിരുന്നു.

കോഴിക്കോട് പാവമണി റോഡിലെ ഔട്ട്ലെറ്റില്‍ എല്‍ഡി ക്ലര്‍ക്കായി ജോലി ചെയ്തുവരികയായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് വീടിന് പിറകില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

ശമ്പളം ലഭിക്കാത്തതിന്റെ മനോവിഷമത്തിലാണ് ശശികുമാര്‍ മരിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്. ഒന്‍പത് മാസമായി ശമ്പളം ലഭിച്ചിരുന്നില്ല. ബോണസ് ഇനത്തില്‍ ഒരുലക്ഷം രൂപയോളം ലഭിക്കാനുണ്ടായിരുന്നുവെന്ന് ഭാര്യ പറയുന്നു.

കഴിഞ്ഞ ദിവസം ശമ്പളം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് കരുതിയതായും, എന്നാല്‍ അദ്ദേഹത്തിനെതിരായി ഒരു പരാതി മേലുദ്യോഗസ്ഥര്‍ക്ക് ലഭിച്ചതിനാല്‍ ഇത് മുടങ്ങുകയായിരുന്നുവെന്നും അവര്‍ ആരോപിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 04712552056)