കൃത്യമായ കൂട്ടായ്മയോടെയുളള പ്രവര്‍ത്തനം; വനിതാകമ്മീഷന്റെ കേരളത്തിലെ ഏറ്റവും മികച്ച ജാഗ്രതാ സമിതി പുരസ്‌ക്കാരം കൊയിലാണ്ടി നഗരസഭയ്ക്ക്
കൊയിലാണ്ടി: വനിതാ കമ്മീഷന്‍ നല്‍കുന്ന കേരളത്തിലെ ഏറ്റവും മികച്ച ജാഗ്രതാ സമിതി പുരസ്‌ക്കാരം കൊയിലാണ്ടി നഗരസഭയ്ക്ക്. 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 44 വാര്‍ഡുകളിലെയും വാര്‍ഡ് തല ജാഗ്രതാ സമിതി രൂപീകരിക്കുകയും ജാഗ്രതാ സമിതിയുടെ ചെയര്‍മാന്‍ അതാത് വാര്‍ഡ് കൗണ്‍സിലര്‍മാരും കണ്‍വീനര്‍മ്മാരായി വാര്‍ഡ് അംഗനവാടി വര്‍ക്കര്‍മാരുമായിരുന്നു.
ഇവരുടെ നേതൃത്വത്തില്‍ 11 അംഗങ്ങളുടെ നേതൃത്വത്തില്‍ ത്രിതല കമ്മിറ്റികള്‍ സംഘടിപ്പിക്കുകയും ജാഗ്രതാ സമിതി സംബന്ധിച്ചുളള ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുകയുെ ചെയ്തു. രണ്ട് ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് നഗരസഭയില്‍ പ്രവൃത്തികള്‍ ആരംഭിച്ചത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുളള അതിക്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അത് പരിഹരിക്കുക, അതിക്രമത്തിന് സാധ്യതയുളള കുടുംബങ്ങളെ നിരീക്ഷിച്ച് വേണ്ട കൗണ്‍സിലിംങ് നല്‍കുക എന്നിങ്ങനെയാണ് ജാഗ്രതസമിതിയുടെ പ്രധാന കടമകള്‍.
അതോടൊപ്പം തന്നെ മുന്‍സിപ്പല്‍ തലത്തില്‍ നിലവിലുളള ജാഗ്രത സമിതിയെ പുനര്‍ നിര്‍മ്മിച്ചു. മുന്‍സിപ്പല്‍ ജാഗ്രത കണ്‍വീനറായി ഐ.സി.ഡി എസ് സൂപ്പര്‍വൈസറും ചെയര്‍പേഴ്‌സണ്‍ ആയി മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണും ആയിരുന്നു മേല്‍നോട്ടത്തിനായി ഉണ്ടായിരുന്നത്. കൂടാതെ വാര്‍ഡ് തല കണ്‍വീനര്‍മ്മാറില്‍ നിന്നും ഒരാളും, സി.ഐ. വനിതാ ഡോക്ടര്‍, വനിതാ വക്കീല്‍, എസ്.സി മേഖലയെ പ്രതിനിതീകരിച്ച് ഒരാളും, വനിതാ കൗണ്‍സിലര്‍, ക്ഷേമകാര്യ ചെയര്‍മാന്‍ ഇത്രയും ആളുകള്‍ ചേര്‍ന്നിട്ടുളളതാണ് മുന്‍സിപ്പല്‍ ജാഗ്രതാസമിതിയില്‍ ഉളളത്.
വാര്‍ഡ് തലത്തില്‍ നടക്കുന്ന കാര്യങ്ങള്‍ എല്ലാമാസവും നിര്‍ബന്ധമായി കൃത്യമായി ഒരു മീറ്റിംങ് വിളിച്ചുചേര്‍ത്ത് വിശകലനം ചെയ്യാറുണ്ടെന്നും വാര്‍ഡ് തലത്തില്‍ എ്‌തെങ്കിലും പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കുകയും ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കേണ്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായി നഗരസഭ നിര്‍വ്വഹിച്ചിരുന്നെന്ന് ഐ.സി.ഡിഎസ് സൂപ്പര്‍വൈസര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.
വാര്‍ഡില്‍ നിന്നും പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങള്‍ മുന്‍സിപ്പല്‍ ജാഗ്രതാസമിതിയിലേക്ക് മാറ്റുകയും കേസ് രജിസ്റ്റര്‍ ചെയ്തതിനുശേഷം വേണ്ട പരിഹാര നടപടികള്‍ സ്വീകരിച്ചിരുന്നെന്നും കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. മുന്‍സിപ്പല്‍ തലത്തില്‍ ഇതുവരെ ആറ് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട ചെയ്യപ്പെട്ടത്. ഒട്ടുമിക്ക കേസുകളും വാര്‍ഡ് തലത്തില്‍ തന്നെ നല്ല രീതിയിലുളള ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചതിനാല്‍ മുന്‍സിപ്പല്‍ ലെവലിലേക്ക് എത്തിയിരുന്നില്ല. നിലവില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ആറ് കേസുകളും തീര്‍പ്പാക്കിയിട്ടുമുണ്ട്.
കൂടാതെ ജാഗ്രതാ സമിതിയുടെ ഭാഗമായി സ്‌കൂളുകളെ കേന്ദ്രീകരിച്ച് ജെന്‍ഡര്‍ ഡെസ്‌ക്കുകളും രീപീകരിച്ചിരുന്നു. കണ്‍വീനര്‍ ആയി സ്‌കൂള്‍ അധ്യാപികയെ നിയമിച്ചിരുന്നു. ഓരോമാസവും ഈ കണ്‍വീനറുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
ജാഗ്രത സമിതി സുഗമമാക്കുന്നതിനായി 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വുമണ്‍ ഫെസിലിറ്റേഷന്‍ സെന്ററും നിര്‍മ്മിച്ചിരുന്നു. ‘പെണ്ണിടം’എന്നാണ് ഇതിന്റെ പേര്. ഈ പദ്ധതിയുടെ നേതൃത്വത്തിലാണ് കൊയിലാണ്ടി നഗരസഭയിലെ 13 സ്‌കൂളുകളിലും ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചിരുന്നത്.
കൂടാതെ കുടുംബശ്രീയുമായി സംയോജിച്ച് വുമണ്‍ എംപവര്‍മെന്റ് ഭാഗമായി വനിതാദിനങ്ങള്‍ തുടങ്ങി പരിപാടികള്‍ നടത്തിയിരുന്നു. സിഗ്നേച്ചര്‍ ക്യാമ്പ്, വനിതാ കമ്മീഷനുമായി യോജിച്ച് രണ്ടു സെക്ഷനുകളിലായി ‘സേവ് ദ ഡേറ്റ്’ എന്ന പേരില്‍ മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ വച്ച് പ്രീ മാരിറ്റല്‍ കൗണ്‍സിലിംങ് പ്രോഗ്രാമും നടത്തിയിരുന്നു.
കൂടാതെ വനിതാ കമ്മീഷനുമായി യോജിച്ച് ജാഗ്രത സമിതി കണ്‍വീനര്‍മാര്‍ക്കും ചെയര്‍മാന്‍മാര്‍ക്കും വര്‍ഷത്തില്‍ വണ്‍ഡേ സെമിനാറുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. വാര്‍ഡ് തലത്തിലെ ജാഗ്രതസമിതിയുടെ ഓഫീസ് അംഗണവാടികള്‍ ആയിരുന്നു. ഇവിടെ പരാതിപ്പെട്ടികള്‍ തുടങ്ങിവ വച്ചിരുന്നതായും ഐ.സി.ഡി എസ് സൂപ്പര്‍വൈസര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുളള പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇപ്പോള്‍ അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. എല്ലാ വര്‍ഷവും നഗരസഭ സ്ത്രീ സൗഹൃദ പദ്ധതികള്‍ക്കായി കൃത്യമായി ഫണ്ട് നീക്കിവയ്ക്കാറുണ്ടെന്നും അവ ഉപയോഗിക്കുണ്ടെന്നും 2025-25 വര്‍ഷത്തിലും ഇനിയും നല്ല രീതിയിലുളള പ്രവര്‍ത്തനം നഗരസഭ കാഴ്ചവെയ്ക്കുമെന്നും ഐ.സി.ഡി എസ് സൂപ്പര്‍വൈസര്‍ സബിത കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.